Monday, December 15, 2014

മനം മാറ്റം തടയാന്‍ നിയമത്തിനാകുമോ?

മതം ഒരു കൂട്ടര്‍ക്ക് കറുപ്പായിരുന്നു. മറ്റൊരു കൂട്ടര്‍ക്ക് അത് മദപ്പാടും. കറുപ്പിന്റെ വക്താക്കള്‍ കുറേയൊക്കെ കൂറുമാറിയിട്ടുണ്ടെങ്കിലും  കലിയടങ്ങിയതായി നിരീക്ഷിക്കാനാകില്ല. മദപ്പാടുകാര്‍ പുതിയ മസ്തകങ്ങളില്‍ മദപ്പാടുകള്‍ തീര്‍ക്കുന്ന വേലകളില്‍ സജീവരാണ്. ഒരു വ്യക്തിയുടെ വിശ്വാസത്തേയൊ വിശ്വാസ രാഹിത്യത്തേയൊ നിയമ നിര്‍മ്മാണം കൊണ്ട് തടയിടാമെന്ന വ്യാമോഹത്തേക്കാള്‍ വിഡ്ഡിത്തം  ലോകത്തുണ്ടാകുമോ? വിഡ്ഢികളുടെ സ്വര്‍ഗത്തില്‍ വിഹരിക്കുന്നവര്‍ക്കറിയുമോ ലോകമെമ്പാടും ഇന്ത്യയിലും മനം മാറുന്നവരുടെ കണക്ക്. മനം മാറ്റം തടയാന്‍ ലോകത്ത് ഏതെങ്കിലും ശക്തിയ്ക്ക് കഴിയുമോ? മതം മാറ്റം നിയമം മൂലം നിരോധിക്കാനുള്ള നിയമ നിര്‍മ്മാണോലോചനയെക്കുറിച്ച് സല്‍മ പി എം പ്രതികരിച്ചതിങ്ങനെ: 

'മതം മാറ്റാന്‍' ക്രിസ്ത്യാനിക്കോ, മുസ്‌ലിമിനോ, ആര്‍ എസ് എസ്സിനോ അവകാശമില്ല എന്നാല്‍ മതം മാറാന്‍ ഓരോ വ്യക്തിക്കും അവകാശമുണ്ട്. വ്യക്തിയുടെ മതം മാറാനുള്ള അവകാശത്തെ നിയമം മൂലം നിരോധിക്കണം എന്നവകാശപ്പെടുന്നവര്‍ നിര്‍ബന്ധ മത പരിവര്‍ത്തനം നടത്തുന്നതോ!

.........................................................

ഉണ്ണിയെക്കണ്ടാലറിയാം ഊരിലെ പഞ്ഞം എന്നത് ഏറെ പ്രസിദ്ധമായ പഴമൊഴിയാണ്. ഇതുപോലെത്തന്നെ പ്രാധാന്യമുള്ള മറ്റൊരു ചൊല്ലുണ്ട് പക്ഷെ ഇതത്ര പ്രസിദ്ധമല്ല. ഒരു പ്രദേശത്ത് അധിവസിക്കുന്നവര്‍ക്ക് അര്‍ഹനായ ഒരു അധികാരിയായിരിക്കും അവിടെ വാഴിക്കപ്പെടുന്നത് എന്നത്രെ ഈ പഴമൊഴി. അഥവ രാജ്യത്ത് ഇന്ന് അധികാരത്തിലിരിക്കുന്ന പ്രഭു ആരായിരുന്നാലും പ്രജകള്‍  അതിന്നര്‍ഹരാണെന്നതത്രെ പച്ചയായ പരമാര്‍ഥം. ഒരു സമൂഹത്തിന്റേയും അവസ്ഥ മാന്ത്രികമായി മാറ്റപ്പെടുകയില്ല. അവര്‍ മാറ്റത്തിന് തയാറാകാത്തിടത്തോളം എന്ന അധ്യാപനവും ഇവിടെ ചേര്‍ത്തു വായിക്കാവുന്നതാണ്. 

ഭാരതമെന്ന മഹാരാജ്യത്തിന്റെ രാഷ്ട്ര ശില്‍പിയുടെ ഘാതകര്‍ രാജ്യം വാഴുന്ന വ്യവസ്ഥയിലേയ്ക്ക് രാജ്യത്തിന്റെ അവസ്ഥയെ എത്തിക്കാന്‍ ഒരു സംഘം നടത്തിയ ശ്രമങ്ങള്‍ പൂര്‍ണ്ണ വിജയം വരിക്കാനുണ്ടായ കാരണങ്ങള്‍ ഓരോ ഭാരതീയന്റേയും ദുരവസ്ഥയിലേയ്ക്കാണ് വിരല്‍ ചൂണ്ടുന്നത്. മഹാത്മാ ഗാന്ധിജിയുടെ ഘാതകന്‍ രാജ്യ സ്‌നേഹിയാണെന്ന് അധികാരികള്‍ പറയുമ്പോള്‍ ഭാരതീയര്‍ എത്ര നിസ്സഹായരാണ്. ഇതിനപ്പുറവും പ്രതീക്ഷിക്കാമെന്നാണ് രാജു സുരേന്ദ്രന്‍  പറയുന്നത്.

മഹാത്മാവ് ഗാന്ധിജിയെ വെടിവെച്ചുകൊന്ന നാഥുറാം വിനായക് ഗോഡ്‌സെ രാജ്യ സ്‌നേഹിയെന്ന് ബിജെപി എം പി. ഇപ്പോളിത്രയല്ലേ പറഞ്ഞുളളൂവെന്നോര്‍ത്ത് നമുക്ക് സമാധാനിക്കാം. ഇനി ഗോഡ്‌സെയെ രാഷ്ട്രപിതാവാക്കണം എന്ന അവകാശവാദവുമായി നാളെ ആരെങ്കിലും വന്നില്ലെങ്കിലേ അതിശയമുളളൂ.

.....................................

ഗ്രാമീണതയുടെ ചേരുവകളില്‍ കണ്ണീരും പുഞ്ചിരിയുമായി കത്തും കത്തു പെട്ടിയും തപാല്‍കാരനും ശിപായിയും പഴമയുടെ ഓര്‍മ്മകളില്‍ മുദ്രണം ചെയ്യപ്പെട്ടിട്ടുണ്ട്. വര്‍ത്തമാനത്തിനപ്പുറമുള്ള മാനങ്ങള്‍ കുത്തിക്കുറികള്‍ക്കുണ്ട്. ആശയ വിനിമയത്തിന്റെ ഏറ്റവും വൈകാരികമായ തലം എഴുത്തിടപാടുകളില്‍ നിര്‍ലീനമത്രെ. വാമൊഴിയെ വരമൊഴിയാക്കുന്നതില്‍ തപാല്‍ സംവിധാനം വഹിച്ച പങ്കും ഗൃഹാതുരത്വമുണര്‍ത്തുന്ന ഓര്‍മ്മകളും പങ്കുവയ്ക്കുകയാണ് സി കേശവനുണ്ണി 

അകലപ്പെട്ടും ഒറ്റപ്പെട്ടും തുരുത്തുകളായിനിന്നിരുന്ന ഇന്ത്യയിലെ ആയിരകണക്കിന് ഗ്രാമീണ മനസ്സുകളില്‍ ആദ്യം ലഡ്ഡു പൊട്ടിച്ചിരിക്കുക നമ്മുടെ തപാല്‍ സംരഭമായിരിക്കണം. എപ്പോഴെങ്കിലും അന്വേഷിച്ചു വരാന്‍ സാധ്യതയുള്ള ഒരു കാര്‍ഡിനെങ്കിലും വഴി തെറ്റാതിരിക്കാന്‍ സ്വന്തമായ ഒരു മേല്‍വിലാസം  വേണമെന്ന വിചാരം ഉണ്ടാക്കിയതും അവരുതന്നെ എന്നും വിശ്വസിക്കം. 
ഭാഷയുടെ വരമൊഴി ജനകീയമാവുന്നതിനും തപാല്‍ സംവിധാനം അതിന്റെതായ പങ്കു വഹിച്ചിട്ടുണ്ട്. ഒരു കത്ത് വായിക്കാനെങ്കിലും പഠിക്കണം എന്നായിരുന്നു ഭാഷാവിപ്ലവത്തിന്റെ ആദ്യത്തെ മുദ്രാവാക്യം. സ്വന്തം സര്‍ഗാത്മകസാധ്യതകളെ സ്വയം പരീക്ഷിക്കാന്‍ നിരക്ഷരര്‍ പോലും ശ്രമിച്ചിരിക്കുക സ്വന്തമായി കത്തെഴുതാന്‍ തുടങ്ങുന്നതിത്തിലൂടെയാണ്. 
വര്‍ത്തമാനം അസുരപ്രകൃതത്തിന്റെ ദ്രുതതാളമാണ്. സംസ്‌ക്കാരത്തെയല്ല വികാരത്തെയാണ് പലപ്പോഴും അതാശ്രയിക്കുക. എന്നാല്‍ എഴുത്തില്‍ മനസ്സിന്റൊ സംയനവും വിവേകവും പ്രതിഫലിക്കും. പറഞ്ഞുവന്നത് സഹൃദയങ്ങള്‍ എഴുത്തുകളിലൂടെ ഉറപ്പിച്ചുനോക്കു അതിനു സൌരഭ്യം കുടുതലായിരിക്കും. നമുക്ക് കത്തുകള്‍ എഴുതി തുടങ്ങാം.

ഇസ്‌ലാം ഓണ്‍ലൈവിന്‌ വേണ്ടി

Saturday, November 15, 2014

സദാചാരം ഒരു അശ്ലീലപദമല്ല


സദാചാരം ഒരു അശ്ലീല പദമെന്നോണം വ്യാഖാനിക്കപ്പെടുന്ന വിപ്ലവ യൗവനങ്ങളെ പ്രോത്സാഹിപ്പിച്ച് കയ്യിലെടുക്കുന്ന ചീഞ്ഞു നാറിയ രാഷ്ട്രീയ സാഹചര്യം ഏറെ അസഹ്യമായി കൊണ്ടിരിക്കുന്നു. നന്മ, തിന്മ എന്ന വിവേചനത്തിലുപരി ഞങ്ങള്‍ നിങ്ങള്‍ പോര്‍വിളികളെയാണ് ഇന്ന് വിപ്ലവ പോരാട്ടങ്ങളുടെ പട്ടികയില്‍ ഇടം കൊടുത്തു കൊണ്ടിരിക്കുന്നത്. അത്യാധുനിക സമരമുറകളുടെ പേരില്‍ ആഭാസ കൂത്താട്ടങ്ങള്‍ നടത്തുന്നവരോട് ചിലത് ഓര്‍മിപ്പിക്കുകയാണ് അനില്‍ കുരിയാത്തി .

ചുംബന സമരത്തിന്റെ പേരില്‍ തെരുവില്‍ കിടന്നു ആണും പെണ്ണുമല്ല ചുംബിച്ചു ആഘോഷിക്കേണ്ടത്. സമരത്തില്‍ ആത്മാര്‍ഥത ഉണ്ടെങ്കില്‍ നിങ്ങള്‍ വൃദ്ധസദനങ്ങളില്‍ പോകൂ. ശാപച്ചക്രങ്ങളില്‍ പിടയുന്ന ആ വൃദ്ധാധരങ്ങളില്‍ ചുംബിക്കൂ. നിങ്ങള്‍ അനാഥാലയങ്ങളില്‍ പോകൂ ഉപേക്ഷിക്കപ്പെട്ട പിഞ്ചു കണ്ണുകളില്‍ മുലപ്പാല്‍ കൊതിക്കുന്ന ചോരച്ച ചുണ്ടുകളില്‍ ചുംബിക്കൂ. തെരുവില്‍ അലയുന്ന പാവം അനാഥജന്മങ്ങളെ ചുംബിക്കൂ. ഒരുതുണ്ട് ഭൂമിക്കായി, അതിജീവനത്തിനായി നിന്ന് വേരിറങ്ങിയ ആദിവാസികളുടെ പാദങ്ങളില്‍ ചുംബിക്കൂ... അല്ലാതെ...

........................

അടിച്ചമര്‍ത്തപ്പെട്ടവര്‍ക്ക് രംഗത്തിറങ്ങാന്‍ അധികമാരേയും കാണില്ല. ശബ്ദമില്ലാത്തവന്റെ ശബ്ദമാകാനും തളര്‍ന്നു വീഴുന്നവന്ന് തണലാകാനും അവരുടെ ആവശ്യങ്ങള്‍ക്കും അവകാശങ്ങള്‍ക്കും വേണ്ടി പോരാടാനും സമരവീര്യങ്ങള്‍ പറഞ്ഞ് പതഞ്ഞു തുള്ളുന്നവര്‍ പോലും ഒരു പടി പിന്നിലാണെന്നതത്രെ സത്യം. നമുക്കെന്തു നേട്ടം എന്നതിന്റെ അടിസ്ഥാനത്തില്‍ നിലപാടുകള്‍ സ്വീകരിക്കുന്ന എസ്റ്റാബ്ലിഷ്ഡ് ഇടം വലം രാഷ്ട്രീയ സാഹചര്യത്തില്‍ മറ്റൊന്നും പ്രതീക്ഷിച്ചുകൂടാ. അവഗണനയുടെ പേരില്‍ ശ്രദ്ധിക്കപ്പെട്ട ഒരു സമര നിരയെ കുറിച്ച് സോമന്‍ പൂക്കാടിന്റെ പരിദേവനം ഇവിടെ പങ്കുവയ്ക്കുന്നു.

ദരിദ്രരും ആലംബ ഹീനരുമയ സാധാരണക്കാരുടെ മുതുകത്ത് ഭരണാധികാരികള്‍ എന്നും കോല്‍കളി  കളിച്ച ചരിത്രമേ നമ്മുടെ പുസ്തക താളുകളില്‍  കാണാന്‍ സാധിക്കു. ഇല്ലാത്തവന്റെ നെഞ്ചിന്‍കൂടില്‍  കയറി നിന്ന് ചോമന തുടി അടിക്കുന്ന ഭരണകൂട പിണിയാളുകളുടെ കാപട്യത്തിന്റെ അനന്തര ഫലമാണ് ഇന്ന് സെക്രട്ടറിയേറ്റ്‌ പടിക്കല്‍  നാം കാണുന്നത്. അവരെ ആര്‍ക്കും വിമര്‍ശിക്കാം. പരിഹസിക്കാം. ആരും ചോദിക്കാനും പറയാനും ഉണ്ടാകില്ല. കാരണം അവര്‍ സ്വാര്‍ഥതയോ കുടിലതയോ അധികാര മോഹമോ ഇല്ലാത്ത വോട്ടു ബാങ്കിന്റെ പിന്‍ബലമില്ലാത്ത വെറും ആദിമ നിവാസികളാണല്ലോ?

................................

സ്വാഭാവികമായ ഒരു ഭാവത്തില്‍ നിന്നും നിശ്ചിതമായ ഒരു ശൈലിയിലേയ്ക്ക് മാറുമ്പോള്‍ ഉദ്‌ഘോഷിക്കപ്പെടുന്നതാണ് മാറ്റുവിന്‍ എന്ന മുദ്രാവാക്യം. മാറാന്‍ ഒരുക്കമില്ലാത്തവര്‍ ഈ ഒരുക്കമില്ലായ്മയാണ് മാറ്റം എന്നു പ്രഖ്യാപിക്കുന്നതില്‍ പൊതു സമൂഹത്തിനു നീരസം തോന്നും. മനുഷ്യന്‍ എങ്ങനെയെന്നല്ല എങ്ങനെയാവണം എന്നതാണ് പ്രത്യയശാസ്ത്രങ്ങളുടെ വിഭാവന. യഹ്‌യാ സാദിഖിന്റെ  ടൈംലൈനില്‍ നിന്നും ഒരു ഭാഗം.

'ചരിത്രത്തിന്റെയും പ്രത്യയശാസ്ത്രത്തിന്റെയും അന്ത്യ'ത്തെക്കുറിച്ച വൃഥാ സ്വപ്നങ്ങള്‍ പിറക്കുന്നത്. വ്യക്തിയുടെ ഇഛയാണ് പരമപ്രധാനം എന്ന ഭ്രാന്ത് രൂപം കൊള്ളുന്നത്. പ്രത്യയശാസ്ത്രങ്ങളെ, എല്ലാ പ്രത്യയശാസ്ത്രങ്ങളേയും അപ്രസക്തമാക്കുന്ന ഇത്തരം പോസ്റ്റ് ഐഡിയോളജിക്കല്‍ ലിബറല്‍ വ്യക്തിവാദത്തിന്റെ താണ്ഡവ നൃത്തങ്ങളെയാണ് കമ്യൂണിസ്റ്റുകള്‍ എന്ന് സ്വയം വിളിക്കുന്നവര്‍ കഥയറിയാതെ പിന്തുണക്കുന്നത്. വ്യക്തി അക്ഷരാര്‍ഥത്തില്‍ അപ്രസക്തമായ കമ്യൂണിസം വ്യക്തിയുടെ സ്വതന്ത്രമായ ഇഛയുടെ പ്രകാശനത്തിനു വേണ്ടി നവ ലിബറല്‍ ലൈംഗികവാദികളുടെ കൂടെ ചേരുന്നു, പ്രത്യയശാസ്ത്രത്തിന്റെ സാധ്യതയെ സ്വയം നിഷേധിക്കുന്നു. എന്നിട്ട് പറയുന്നു, ഞങ്ങള്‍ കമ്യൂണിസ്റ്റുകളാണെന്ന്!!

ഇസ്‌ലാം ഓണ്‍ലൈവിന്‌ വേണ്ടി

Tuesday, November 11, 2014

മലയാളികളുടെ കപട സദാചാരം

ഒന്നുകില്‍ ആശാന്റെ നെന്ചത്ത്‌ അലങ്കില്‍ കളരിയ്‌ക്ക്‌ പുറത്ത്‌ എന്ന നിലപാട്‌ അദ്യം തിരുത്തണം .ഭദ്രമായ ഒരു രാഷ്‌ട്രീയ സാമൂഹിക വ്യവസ്ഥയില്‍ നിയമം ഏതിന്റെ പേരിലായാലും കയ്യിലെടുക്കാന്‍ അനുവദിച്ചുകൂട.സദാചാരത്തിന്റെപേരിലായാലും ദുരാചാരത്തിന്റെ പേരിലായാലും അനാചാരത്തിന്റെ പേരിലായാലും അനാശാസ്യത്തിന്റെ പേരിലായാലും എന്നല്ല അക്രമണ പ്രത്യാക്രമണത്തിന്റെ പേരിലായാലും .മലിനമല്ലാത്ത ഒരു കുടുംബാന്തരീക്ഷം നമ്മുടെ സാമാന്യബോധമാണ്‌.പാരമ്പര്യമായി അംഗീകരിച്ച്‌ പോരുന്ന ചില ചിട്ട വട്ടങ്ങള്‍ കാത്തു സൂക്ഷിച്ചുപോരുന്നതു കൊണ്ടാണ്‌ നമ്മുടെ രാജ്യത്ത്‌ കുടുംബ സംവിധാനം വലിയ പോറലൊന്നും ഏല്‍ക്കാതെ നില നിന്നു പോരുന്നത്‌. കുത്തഴിയാത്ത ഒരു സാമുഹിക ക്രമത്തെ അക്രമപ്പെടുത്താനുള്ള ശ്രമങ്ങള്‍ രാഷ്‌ട്രീയാന്ധതയുടെ പേരില്‍ വിസ്‌മരിക്കപ്പെട്ടുകൂട.ഇവ്വിഷയത്തിലെ തന്റെ നിലപാടുകള്‍ കൃത്യമായി കെ സുരേന്ദ്രന്‍ പങ്കുവെച്ചതില്‍ നിന്നും വളരെ പ്രസക്തമായത്‌ മാത്രം  ഇവിടെ പകര്‍ത്തുന്നു.

കേരളത്തില്‍ കൗമാരക്കാര്‍ക്കിടയില്‍ നടക്കുന്ന ലൈംഗികാതിക്രമങ്ങളും മയക്കുമരുന്ന് പ്രയോഗവും നാള്‍ക്കുനാള്‍ വര്‍ധിച്ചുവരികയാണ്. വര്‍ധിച്ചുവരുന്ന സൈബര്‍ കുറ്റകൃത്യങ്ങളില്‍ ഭൂരിഭാഗവും പെണ്‍കുട്ടികളുടെ നഗ്‌നചിത്രങ്ങളുടെയും വീഡിയോകളുടെയും ദുരുപയോഗം സംബന്ധിച്ചുളളതാണ്. ഏതാണ്ട് നൂറിലധികം പെണ്‍കുട്ടികള്‍ ഇത്തരത്തില്‍ കഴിഞ്ഞ 4 വര്‍ഷത്തിനിടെ ആത്മഹത്യചെയ്തതായി പോലീസിന്റെ രേഖകള്‍ തന്നെ സമ്മതിക്കുന്നുണ്ട്.

മറ്റുളളവരുടെ മക്കളുടെ സ്വാതന്ത്ര്യത്തെക്കുറിച്ച് വാതോരാതെ സംസാരിക്കുന്ന ഒരു രക്ഷിതാവും സ്വന്തം മക്കളുടെ സ്വാതന്ത്ര്യത്തിന്റെ കാര്യം വരുമ്പോള്‍ ഇതനുവദിക്കുന്നില്ലെന്നതാണ് മറ്റെല്ലാത്തിലേയുംപോലെ മലയാളികളുടെ കപട സദാചാരം. ഇവിടെ ആണ്‍ പെണ്‍ ബന്ധങ്ങള്‍ക്കിടയിലെ പോസിറ്റീവ് റിലേഷന്‍ഷിപ്പിനെ സംബന്ധിച്ച ചര്‍ച്ചകളും നമ്മുടെ വിദ്യാഭ്യാസത്തില്‍ ഉള്‍ക്കൊളളിച്ചിട്ടുണ്ടോ? കൗമാരക്കാരുടെ മാനസികനിലയെ സംബന്ധിച്ച വല്ല പഠനങ്ങളും നമ്മുടെ കരിക്കുലത്തിലുണ്ടോ? സമൂഹത്തിന് ഇതിലൊന്നും ഒരു ഉത്തരവാദിത്വവുമില്ലേ?
  

.................
ഒരു മാതൃകാ സമൂഹത്തെക്കുറിച്ചുള്ള സങ്കല്‍പങ്ങളെ ഓമനിക്കുന്നവര്‍ക്ക്‌ അടങ്ങിയിരിക്കാനാകില്ല.വ്യവസ്ഥകളോട്‌ കലഹിച്ചും സമൂഹത്തിന്റെ ജിര്‍ണ്ണാവസ്ഥകളോട്‌ പരിതപിച്ചും ഒരു നല്ല നാളെയ്‌ക്ക്‌ വേണ്ടി തന്നാലാവുന്ന കര്‍മ്മങ്ങളില്‍ ഭാഗധേയത്വം ഉറപ്പു വരുത്തിയും സമൂഹത്തില്‍ സദാ സജീവമായിരിക്കും.എല്ലാമെല്ലാം മുറപോലെ നടന്നിട്ടും കലഹങ്ങള്‍ക്കൊണ്ട്‌ മുഖരിതമായ ഭൂമിക തന്നെ അപ്രത്യക്ഷമാകുന്നുവോ എന്നാശങ്കപ്പെടുകയാണ്‌ ശ്രീകലാ പ്രകാശന്‍.  

​വ്യവസ്ഥകളോട് നിരന്തരം കലഹിച്ചു കൊണ്ട് എഴുതുമ്പോള്‍ 
എന്താണെന്ന് അറിയില്ല ആകെ ഒരു സുഖം .ആത്മഹത്യാ മുനമ്പില്‍ കയറി നിന്ന് ജീവിതത്തെ സ്വപ്നം കാണുന്നത് പോലെ .ബഹളങ്ങള്‍ക്കിടയില്‍ മൌനത്തെ ഓര്‍ക്കുന്നത് പോലെ ,വരച്ചു കഴിഞ്ഞ ചിത്രതിനിടയില്‍ നിന്ന് കൊണ്ട് ക്യാന്‍വാസ് തെരയുന്നത് പോലെ .എത്ര അറിഞ്ഞാലും അറിയാത്തത് ചിലത്‌ കരുതി വയ്ക്കണം .നൂലുകള്‍ക്കിടയില്‍ നിന്ന് വര്‍ണ്ണങ്ങള്‍ മാറ്റിയെടുക്കാന്‍ കഴിയണം .ഒരു അബ്സ്ട്രാക്റ്റ് ചിന്തയില്‍ നിന്ന് കൊണ്ട് സോഷ്യലിസം മുറുകെ പിടിക്കുമ്പോള്‍ പടിക്കപ്പുറത്തു നിന്നും വീടിനകത്തേക്ക് ഫാസിസം കടന്നു വരുന്നത് കാണാന്‍ രസമുണ്ടാകും​
​............................
ഒരു വ്യക്തിയുടെ സംസ്‌കാരവും ജിവിത മര്യാദകളും കൃത്യമായി അറിയുന്നവര്‍ വീട്ടുകാരും അയല്‍ക്കാരും സഹവാസികളുമായിരിയ്‌ക്കും .കുടുംബ ബന്ധങ്ങളെക്കുറിച്ച്‌ അണ്ണാക്കു കീറുന്നവരുടെ കാര്യം അവരുടെ വീട്ടുകാര്‍ക്കേ അറിയൂ.ദേശ സ്‌നേഹം വാതോരാതെ വിളമ്പുകയും അയല്‍വാസിയുമായി കടുത്ത ശത്രുത പുലര്‍ത്തുകയും ചെയ്യുന്ന കേമന്മാരും നമുക്ക്‌ അന്യമല്ല.ഇത്തരത്തിലുള്ള ചില നാട്ടുവര്‍ത്തമാനങ്ങള്‍ പങ്കുവയ്‌ക്കുകയാണ്‌ കെസി കേശവനുണ്ണി

ഗ്രാമങ്ങളില്‍ നിന്നും ഏറെകുറെ പൂര്‍ണമായും ഒഴിഞ്ഞുപോയ ബാധ ഒരു പക്ഷെ അതിര്‍ത്തി പ്രശ്നമായായിരിക്കും. മതിലുകളും ഗേറ്റ്കളും ‘തന്‍റെ ഇടത്തെ’ പൂര്‍ണമായും സുരക്ഷിതമാക്കി എന്ന് മലയാളികള്‍ക്ക് സമാധാനിക്കാം. അയല്‍ വാസികളുമായുള്ള ബന്ധങ്ങള്‍ ഉലയാനും സിവില്‍ വ്യവഹാരങ്ങള്‍ക്ക്‌ കാരണമാവാനും അതിര്‍ത്തി പ്രശ്നങ്ങളാണ്.പ്രധാനമായും കാരണമായിരുന്നത്,മുന്‍പൊക്കെ. പ്രാകൃതമായൊരു വൈകാരികപ്രതികരണമായിരുന്നു അതിര്‍ത്തി പ്രശ്നങ്ങളോട് നമുക്കുണ്ടായിരുന്നത്. 

അത്ഭുതപ്പെടുത്തുന്ന കാര്യമതല്ല. ദേശബോധവും ദേശിയവികാരവും അളവില്‍ കവിഞ്ഞു നമുക്കുണ്ട്. ജനിച്ച ദേശത്തോടും ഭാഷയോടും നമ്മള്‍ പ്രതിബദ്ധതയും പ്രതിന്ജാബദ്ധതയും ഉള്ളവരെന്നു സ്വയം വിശ്വസിക്കുകയും ചെയ്യുന്നു. അഖണ്ടഭാരത ഐക്യ സമരജാഥയില്‍ പങ്കെടുത്തുവന്നു അയല്‍വാസിക്കെതിരെ അതിര്‍ത്തി പ്രശ്നത്തില്‍ കോടതിയില്‍ വ്യവഹാരം നല്‍കാന്‍ നമുക്ക് കഴിയുന്നത്‌ എങ്ങനെ എന്നത് എന്‍റെ ചെറുപ്പത്തിലെ ഒരു സന്ദേഹമായിരുന്നു, ഇന്നും പരിഹരിക്കപ്പെടാത്ത ഒരു സംശയം. . 

ഒരയല്‍വാസിയോടുപോലും സന്ധിയാവാനും. സ്നേഹവും ബഹുമാനവും പങ്കെട്ടെടുക്കാനും കഴിയാതെ പോകുന്ന നമുക്ക് ഒരു ദേശത്തെ മുഴുക്കെ സ്നേഹിക്കാന്‍ കഴിയുന്നതിന്‍റെ രഹസ്യം എന്തായിരിക്കാം. അതിര്‍ത്തിയിലെ മതിലിനും കവാടത്തിനും കാവലാളായി നില്‍ക്കുന്ന പട്ടാളത്തെപോലെ നമ്മുടെ പറമ്പതിര്‍ത്തിയില്‍ നമ്മള്‍ കാവലാളാവുന്നത് എന്തിനായിരിക്കാം.ഓരോ അയാല്‍ വാസിയും ശത്രുരാജ്യമെന്നോ....

ഇസ്‌ലാം ഓണ്‍ലൈവിന്‌ വേണ്ടി

Friday, October 31, 2014

മിന്നാമിന്നികളെ കണ്ണാടിക്കൂട്ടിലടക്കണം

വെളിച്ചത്തെക്കുറിച്ചുള്ള പ്രതീക്ഷകളേക്കാള്‍ വിളക്കുകളെകുറിച്ചുള്ള ചര്‍ച്ചകളിലാണ്‌ സമൂഹത്തിന്‌ താല്‍പര്യം .ധാര്‍മ്മിക സനാതന മൂല്യങ്ങള്‍ക്ക്‌ തരിമ്പും വിലകല്‍പിക്കാത്ത സാമൂഹിക വ്യവസ്ഥയും അവസ്ഥയും അതിന്റെ സകല വിധ മുദ്രകളോടും കൂടെ പല്ലിളിച്ചു നില്‍ക്കുന്നു.അവശേഷിച്ചിരുന്ന കൊച്ചു കൊച്ചു നന്മകള്‍ പോലും പടിയിറങ്ങിപ്പോകുന്ന വേദനാജനകമായ കലികാലത്തിന്റെ വിവര്‍ണ്ണമായ മുഖത്തെക്കുറിച്ചുള്ള ആശങ്കകള്‍ കാവ്യാത്മകമായി പങ്കുവയ്‌ക്കുകയാണ്‌  കിനാവിന്റെ കൂട്ടുകാരി. 

നക്ഷത്രങ്ങളെ പൊതിഞ്ഞു കെട്ടി ഇരുട്ടറകളിലേക്കു എറിയണം. സൂര്യന്റെ വെളിച്ചത്തെ മറകെട്ടി തടയണം. ആകാശത്തു നിന്നു ഭൂമിയിലേക്കു മഞ്ഞു കട്ടകൾ വിതറണം.ചെറുതും എന്നാൽ സുന്ദരവുമായ മിന്നാമിന്നികളെ കണ്ണാടിക്കൂട്ടിലടച്ചു ഭൂമിക്കു പ്രകാശം നൽകണം.ശവം നാറി പൂക്കളാൽ മാല കെട്ടി ദൈവത്തിനു ചാർത്തണം. ഉച്ചനീചത്വങ്ങളെ മനുഷ്യന്റെ മൗലീകാവകാശങ്ങളിൽ ഉൾപ്പെടുത്തണം.സ്വപ്നഭാരം പേറി നാളെകളിലേക്കു നടക്കുന്നവരെ മൗനത്തിന്റെ ചങ്ങലകളിൽ പൂട്ടണം. സഹജീവികൾക്കു വേണ്ടി ശബ്ദിക്കുന്നവരെ ആനക്കിടങ്ങുകളിൽ നിറയ്ക്കണം. പകലിന്റെ സദാചാര പ്രേമികളെ സിംഹാസനത്തിലേറ്റി ജയ്‌ വിളിക്കണം.രാത്രിയുടെ മാറുപിളർക്കുന്ന തീവണ്ടികുടെ ചൂളം വിളികൾ കേട്ട്‌ പൊട്ടിച്ചിരിക്കണം. കാറ്റിന്റെ അലകളെ നൂൽ കൊണ്ടു കൊടിമരങ്ങളിൽ ബന്ധിക്കണം. നന്മയുടെ മുഖങ്ങളിൽ ചിലന്തി വല നെയ്യണം. പിറന്നു വീഴുന്ന കുഞ്ഞുങ്ങളുടെ നാവിൽ അന്തിക്കള്ളു ഇറ്റിക്കണം.രാത്രിയുടെ മറവിൽ അത്തറു പൂശി, പൂവു ചൂടി കനമുള്ള മടിശ്ശീലകളെ മാടി വിളിക്കുന്നവരെ പകലിന്റെ കാവൽ മലാഖമാരാക്കണം.ഇനി നിഴലുകളുടെ ജാഥയിൽ ചേർന്ന് മുദ്രാവാക്യം വിളിക്കാം.സ്വന്തം കാര്യം സിന്ദാബാദ്‌...
................
ഇടത്‌ ശൈലിയില്‍ സംസാരിക്കുകയും വലതു ശൈലിയില്‍ ജീവിക്കുകയും ചെയ്യുന്ന അത്ഭുതകരമായ പ്രതിഭാസം പ്രൊഫഷണല്‍ രാഷ്‌ട്രീയക്കാര്‍ക്കിടയില്‍  അരങ്ങുതകര്‍ത്താടുകയാണ്‌.പ്രകടന പരതയുടെ ഉന്നതിയില്‍ ലോകവും ലോകരും എത്തപ്പെട്ടിരിക്കുന്നു.നിന്നു നിന്നു വേരുറച്ചുപോകാന്‍ സാധ്യതയുള്ള ആദിവാസികളുടെ നില്‍പുസമരവുമായി ബന്ധപ്പെട്ടുള്ള സമീപനങ്ങളും പ്രതികരണങ്ങളും പുതിയ ചില രാഷ്‌ട്രീയ വ്യാഖാനങ്ങള്‍ രൂപപ്പെടാന്‍ പോലും കാരണമാകുന്നുണ്ട്‌.ജ്യോതിസ്‌ പറവൂരിന്റെ ടൈം ലൈനില്‍ നിന്നും ചിലത്‌. 

ഞങ്ങള്‍ ആദിവാസികള്‍ക്ക് എതിരല്ലെന്നുള്ള ഡിസ്‌ക്ളൈമര്‍  ടെമ്പലേറ്റ് എല്ലാവരികള്‍ക്ക് മുന്നിലും വെക്കും. അതിനു ശേഷം ആദിവാസി സമരത്തെ ആക്ഷേപങ്ങള്‍ കൊണ്ട് ചൊരിയും. കൂട്ടം കൂടി തീര്‍പ്പുകള്‍ കല്‍പ്പിക്കും.ഇത്തരക്കാര്‍ക്ക് മറുപടി കൊടുക്കാന്‍ പോയാല്‍ അതിനെ നേരം കാണൂ. ക്രിയാത്മകമായ ചര്‍ച്ചകളില്‍ പങ്കെടുക്കൂ. മുഖ്യധാര ഒഴിവാക്കിയ ആദിവാസി പ്രശ്നങ്ങള്‍ ഇങ്ങനെയെങ്കിലും ചര്‍ച്ചചെയ്യപ്പെടുന്നത് എന്തായാലും പോസറ്റീവ് ആയി തന്നെ കാണേണ്ടതുണ്ട്. മുഖംമൂടികള്‍ ഓരോന്നോരോന്നായി അഴിഞ്ഞു വീഴുന്നത് കാണുന്നില്ലേ.
സമരം നടത്തുന്ന ആദിവാസി സഹോദരങ്ങള്‍ക്ക് എല്ലാ പിന്തുണയും.
..............
സ്വന്തം കുറ്റങ്ങളും കുറവുകളും നികത്തിയും അനുഭവങ്ങളില്‍ നിന്ന്‌ പാഠമുള്‍കൊള്ളുകൊണ്ടും മുന്നോട്ട്‌ പോകുമ്പോള്‍ ജീവിത വിശുദ്ധിയും ഐശ്വര്യവും ഉണ്ടാകും .എന്നാല്‍ അന്യന്റെ ന്യൂനതകളും പിഴവുകളും ചുഴിഞ്ഞന്വേഷിച്ചും  വിലയിരുത്തിയും വെടിപറഞ്ഞും നേരം കൊല്ലുന്നതിലാണ്‌ പലര്‍ക്കും താല്‍പര്യം .തന്റെ കണ്ണില്‍  തടിക്കഷ്‌ണമുള്ളപ്പോള്‍ അന്യന്റെ കണ്ണിലെ കരടെടുക്കണോ എന്നാണ്‌ പത്മശ്രീ നായര്‍ ചോദിക്കുന്നത്‌ 


പലരുടെയും സ്വഭാവത്തില്‍ അലിഞ്ഞു ചേര്‍ന്നിട്ടുള്ള ഒന്നാണ് കുറ്റം പറച്ചിലും വിധി കല്‍പ്പിക്കലും. ആരെയും, ഒന്നിനെയും വെറുതെ വിടില്ല. വിമര്‍ശനമാക്കും. മറ്റുള്ളവരിലേ നന്മ കാണുന്നതില്‍ അധികം അവരുടെ ദോഷങ്ങളെ കണ്ടെത്തുകയാണ് ഇക്കൂട്ടര്‍ ചെയ്യുന്നത്. മറ്റുള്ളവരെ വിമര്‍ശിക്കുക, അവരുടെ വിധി കര്‍ത്താക്കള്‍ ആവുക എന്നതൊക്കെ തങ്ങളുടെ അവകാശമാണെന്ന് തോന്നും ഇക്കൂട്ടരുടെ ഉത്സാഹം കണ്ടാല്‍..,.
കണ്ടതിന്റെയും കേട്ടതിന്റെയും അടിസ്ഥാനത്തില്‍ മറ്റുള്ളവരെ പറ്റി നാം അഭിപ്രായം രൂപപ്പെടുത്തുമ്പോഴും അവര്‍ക്കെതിരെ വിധി കല്പ്പിക്കുമ്പോഴും ഒന്നോര്‍ക്കുക.. നാം കണ്ടതും കേട്ടതും ആയിരിക്കില്ല യാഥാര്‍ത്ഥ്യം. മറ്റുള്ളവരെ വിമര്‍ശിക്കുകയും വിധി കല്‍പ്പിക്കുകയും ചെയ്യുന്നവര്‍ അവരവര്‍ക്ക് തന്നെ ദോഷം വരുത്തി വെക്കുന്നു. അവരുടെ വ്യക്തിത്വം വികലമാക്കപ്പെടുന്നു. സ്വന്തം കണ്ണില്‍ തടി കഷ്ണം ഇരിക്കുമ്പോള്‍ മറ്റുള്ളവന്റെ കണ്ണിലെ കരടെടുക്കാന്‍ ശ്രമിക്കണോ??
വിധിക്കപ്പെടാതിരിക്കാന്‍ നിങ്ങളും വിധിക്കരുത്. നമ്മള്‍ അളക്കുന്ന അളവുകോല്‍ കൊണ്ട്തന്നെ നമുക്കും അളന്നു കിട്ടും.. അഹന്തയും സ്വാര്‍ഥതയും ശക്തിപ്പെടുമ്പോഴാണ് മറ്റുള്ളവരെ കുറ്റപ്പെടുത്തുന്നത്. അതിനുള്ള പ്രതിവിധി വിനയത്തിന്‍റെ (വിനയന്‍റെയല്ല)  പാത പിന്തുടരുക , മറ്റുള്ളവന്റെ നന്മയെ കാണാന്‍ ശ്രമിക്കുക. മറ്റുള്ളവര്‍ നമ്മളെയും വിമര്‍ശന വിധേയമാക്കുന്നുണ്ടെന്നു ഇടക്കെങ്കിലും ഓര്‍മ്മിക്കുക..
കാണുന്നതില്‍ പകുതി വിശ്വസിക്കുക, കേട്ടത് മുഴുവനും വിശ്വസിക്കാതിരിക്കുക.
....................
നമ്മുടെ നാടിന്റെ നാനാവിധത്തിലുള്ള പുരോഗതിയ്‌ക്ക്‌ വേണ്ടി പ്രവാസിയുടെ സംഭാവനകള്‍ എണ്ണമറ്റതത്രെ.വിശിഷ്യ കേരളത്തിന്റെ ഉയര്‍ച്ചയിലും വളര്‍ച്ചയിലും പ്രവാസി വഹിച്ച പങ്ക്‌ സ്‌മരിക്കപ്പെടുകതന്നെ ചെയ്യും .എന്തായാലും നാടിനുവേണ്ടി പ്രവാസികൾ എന്തുചെയ്തു എന്ന് ഗവേഷണം നടത്തുന്നവർ പ്രവാസികള്‍ക്കുവേണ്ടി നാട് എന്ത് ചെയ്തു എന്നു ഒറ്റപ്രാവശ്യമെങ്കിലും  ചിന്തിക്കണമെന്നാണ്‌ പ്രവാസിനിയായ സോച്ചു സഖി പറയുന്നത്‌.

​ഒത്തിരിയൊത്തിരി കിനാവുകളും ദുഖങ്ങളും വാരിപ്പിടിച്ചു താൻ വേരൂന്നിയ മണ്ണ് വിട്ടുപോരുന്നതിന്റെ വേദന ഒരു പ്രവാസിക്കേ അറിയൂ.നാട്ടിലുളളവരെക്കാളുംനാടിനെ ഇഷ്ടപ്പെടുന്നതുംനാടിന്റെ ഭാഷയും സംസ്ക്കാരവുംകൂടുതൽ ഉയർത്തിപ്പിടിക്കുന്നതു പ്രവാസികൾ തന്നെ എന്നതിന് എന്തെങ്കിലും  തർക്കമുണ്ടോ?അതിലുപരി സ്വയം അന്യമായിതീരുമ്പോഴും വീടും നാടും വികസിക്കുവാനുംമറ്റാരേക്കാളുംഅശരണർക്കുംഅഗതികൾക്കുംസഹായംചെയ്യാനും ഈ പ്രവാസികൾ തന്നെയാണ് മുൻപന്തിയിൽ.പറയാൻ ഇനിയും ഏറെയാണ്‌.എന്തായാലുംനാടിനുവേണ്ടി പ്രവാസികൾ എന്തുചെയ്തു എന്ന് ഗവേഷണം നടത്തുന്നവർ പ്രവാസികള്‍ക്കുവേണ്ടി നാട് എന്ത് ചെയ്തു എന്നു ഒറ്റപ്രാവശ്യമെങ്കിലും ചിന്തിക്കുന്നത് നല്ലതാണ്.

ഇസ്‌ലാം ഓണ്‍ ലൈവിന്‌വേണ്ടി

Friday, October 24, 2014

ബിഗ്‌ സല്യൂട്ട്‌

ജീവിതം ഒരു യാത്രയാണ്. ഈ യാത്രക്കിടയിലെ ഓരോ ഇടത്താവളങ്ങളും അവന്റെ പ്രതീക്ഷകളാണ്. ഒരു തുരുത്തില്‍ നിന്നും മറ്റൊരു തുരുത്തിലേയ്ക്കുള്ള  യാത്രാഭിലാഷമാണ് ജീവിതത്തെ മുന്നോട്ട് നയിക്കുന്നത്.

സാദിഖ് എന്ന 10 വയസ്സുകാരന്‍ ഹൈദരാബാദ് പോലീസ് കമ്മീഷണര്‍ ആയ വാര്‍ത്ത കണ്ണീരണിയാതെ വായിക്കാനാകില്ല. ലക്ഷ്യത്തിലെത്തും മുമ്പേ യാത്രയ്ക്ക് വിരാമം കുറിക്കാന്‍ സാധ്യതയുള്ള കൊച്ചു മിടുക്കന്റെ അഭിലാഷം പൂവണിയിക്കാന്‍ ഒരു സംഘം നടത്തിയ അഭിനന്ദനാര്‍ഹമായ പ്രവര്‍ത്തനത്തെ  പ്രാര്‍ഥനാ പൂര്‍വം പങ്കിടുകയാണ്  മേരി ലില്ലി.

കഴിഞ്ഞ വര്‍ഷം ഒരു തെലുങ്ക് സിനിമ കണ്ടിരുന്നു. നിത്യാ മേനോന്‍, ഈച്ച ഫെയിം നാനി, രോഹിണി, ആശിഷ് വിദ്യാര്‍ഥി തുടങ്ങിയവര്‍ അഭിനയിച്ച ഒരു ചിത്രം. അതില്‍ നിത്യാ മേനോന്‍ പ്രതിനിധാനം ചെയ്യുന്ന ഒരു സംഘടനയുടെ സഹായത്തോടെ ഇതേപോലെ പത്തു വയസ്സുള്ള കാന്‍സര്‍ ബാധിച്ച ഒരു കുട്ടിയെ ഒരു ദിവസത്തേക്ക് ഹൈദരാബാദ് പോലിസ് കമ്മീഷണറായി നിയമിക്കുന്ന ഒരു സീന്‍ ഉണ്ട്. നായകന്‍ നാനി ചോദിക്കുന്നുണ്ട് ഇവന് പോലീസ് കമ്മിഷണര്‍ എന്ന് തെറ്റ് കൂടാതെ എഴുതാന്‍ കഴിയുമോയെന്ന്.

ആ രംഗത്ത് മാധ്യമപ്രതിനിധികളോട് നായിക നിത്യാ മേനോന്‍ പറയുന്നുണ്ട് നിങ്ങള്‍ ഈ വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്യുമ്പോള്‍ ഒരിക്കലും അവന്‍ ഒരു കാന്‍സര്‍ രോഗിയാണെന്ന് പറയരുതെന്ന്. മരിക്കാന്‍ പോകുന്ന ഒരുവനാണ് താനെന്നറിഞ്ഞാല്‍ അവനത് ഒരിക്കലും താങ്ങാന്‍ കഴിയില്ലെന്ന്. സിനിമ കണ്ട് ഒരു വര്‍ഷത്തിനു ശേഷം അതേ ഹൈദരാബാദ്, അതേ പോലെ കാന്‍സര്‍ ബാധിച്ച ഒരു പത്തു വയസ്സുകാരന്‍ കുട്ടി കമ്മീഷണര്‍. ഏതോ ഒരു തിരക്കഥാകൃത്തിന്റെ ഭാവന അതേപോലെ തന്നെ ജീവിതത്തിലും. ആ സിനിമ മലയാളത്തിലും അങ്ങനെ തുടങ്ങി എന്ന പേരിലുണ്ട്. സാദിഖ് എന്ന പത്തുവയസ്സുകാരന് വേണ്ടി പ്രാര്‍ത്ഥിക്കുക മാത്രം ചെയ്യാനേ ഇപ്പോള്‍ കഴിയൂ. ഈ വാര്‍ത്തയും ഫോട്ടോയും അത്രമേല്‍ മനസ്സിനെ വേദനിപ്പിക്കുന്നുണ്ട്. 

............

ഭരണത്തിന്റെ മോഡി കൂട്ടുന്നതിന്റെ ഭാഗമായി കാവി വിപ്ലവ മുദ്രാവാക്യവുമായി ഒരുമ്പെട്ടിറങ്ങിയ പ്രധാനമന്ത്രിയുടെ പുതിയ വാര്‍ത്താതരംഗം മീഡിയകളില്‍ യഥേഷ്ടം പമ്പരം മൂളുകയാണ്. ബഹുസ്വരതയുടെ കേളികേട്ട രാജ്യം ബഹുവര്‍ണ്ണങ്ങളില്‍ നിന്നും ബഹുദൂരം ഓടിയകലുന്ന കാഴ്ച ഹൃദയ ഭേദകം തന്നെ. ദേശീയ പതാകയില്‍ കുങ്കുമ വര്‍ണ്ണമുണ്ട്. എന്നാല്‍ കുങ്കുമ നിറത്തില്‍ ദേശീയ പതാകയില്ല. ദേശീയ പതാകയിലെ നിറ ഭേദങ്ങളുടെ പ്രതിനിധാനത്തെ കുറിച്ചും മുന്‍ കഴിഞ്ഞ ഭരണ തന്ത്രജ്ഞരുടെ വിപ്‌ളവ സാഫല്യങ്ങളെക്കുറിച്ചം? ഓര്‍മ്മപ്പെടുത്തുന്ന രാജു സുരേന്ദ്രന്റെ  പോസ്റ്റില്‍ നിന്നും പ്രസക്തമായ ഭാഗം മാത്രം ഇവിടെ പങ്കുവയ്ക്കുന്നു. 

രാജ്യത്ത് കാവിവിപ്ലവം കൊണ്ടുവരും അതാണു തന്റെ ലക്ഷ്യമെന്ന് ആരാധ്യനായ പ്രധാനമന്ത്രി മോദിജി. ദേശീയപതാകയിലെ കുങ്കുമവര്‍ണ്ണമെന്നാല്‍ ത്യാഗത്തിന്റേയും നിക്ഷ്പക്ഷതയുടേയും പ്രതീകമാണ്. ധര്‍മ്മത്തിന്റെ പ്രതീകമായ അശോകചക്രം ആലേഖനം ചെയ്തിരിയ്ക്കുന്ന വെള്ള നിറം സമാധാനത്തെയും ശാന്തിയേയും പ്രതിഫലിപ്പിയ്ക്കുന്നുവെങ്കില്‍ പച്ച നിറം മനുഷ്യന്റെ നിത്യജിവിതത്തിനു അത്യന്താപേക്ഷിതമായ ഹരിതപ്രക്യതിയെ അനുസ്മരിപ്പിയ്ക്കുന്നു... ഒരോ ഭാരതീയനും ആത്മാവില്‍ കൊണ്ടുനടക്കുന്ന ഈ പതാകയിലെ ഒരോ നിറവും അതിന്റെ സൂചകങ്ങളും നമ്മൂടെ നെഞ്ചോടൊട്ടിചേര്‍ന്നതുമാണ്. അതില്‍ നിന്നും ഒരു നിറം (കുങ്കുമം) മാത്രം അടര്‍ത്തിയെടുത്ത് കാവി വിപ്ലവം സൃഷ്ടിയ്ക്കുകയെന്നത് നാനാത്വത്തില്‍ ഏകത്വം വിഭാവനചെയ്യുന്ന ഭാരതത്തിലെ ജനങ്ങള്‍ക്ക് ഒരുതരത്തിലും സ്വീകാര്യമാവണമെന്നില്ല.

.................. 

മനുഷ്യന്‍ ഒരുപാട് പുരോഗമിച്ചു എന്നതൊക്കെ ശരിയായിരിക്കാം. ജീവിത സൌകര്യങ്ങളും അതിലുപരി അത്യന്താധുനിക സാങ്കേതിക വിദ്യകളുടെ ക്രമാതീതമായ വളര്‍ച്ചയും മനുഷ്യനെ ഒരു വേള വലിയ അഹങ്കാരിയാക്കിയിരിക്കുന്നു. ദരിദ്രനും ധനാഢ്യനും തമ്മിലുള്ള ദൂരം അളക്കാനാവുന്നതിലും അപ്പുറമായിക്കൊണ്ടിരിക്കുന്നു. ദുര്‍ബലരായ ജനവിഭാഗങ്ങളോടുള്ള സമൂഹത്തിന്റെ കാഴ്ചപ്പാടില്‍ കാര്യമായ പുരോഗതിയൊന്നും ഉണ്ടായിട്ടില്ല. ഈ ദുരവസ്ഥയോടുള്ള പ്രതിഷേധം പകര്‍ത്തുകയാണ് പ്രസന്ന ആര്യന്‍.

ദാരിദ്ര്യം ഇന്ത്യയുടേ ശാപമാണ്. ദാരിദ്ര്യമാണ് ഇന്ത്യയുടെ ശാപം. വിയര്‍ത്തു നാറുന്ന ശരീരവും മുഷിഞ്ഞുകീറിയ ഉടുപ്പുകളും തളര്‍ന്നുകരിഞ്ഞ മനസ്സുമായി ഇവര്‍ക്കൊക്കെയിവിടെ ജീവിക്കാനുള്ള അവകാശം ആരാണുകൊടുത്തത്. നമുക്കിടയിലേക്ക് കയറിവരാനുള്ള ധൈര്യം ഇവര്‍ക്കെങ്ങിനെയുണ്ടായി!!! വെടി വെച്ചു കൊല്ലണം ഇവരെയൊക്കെ... ഒരു മിനുട്ട്... അല്ലെങ്കില്‍ വേണ്ട. കൊന്ന് കളഞ്ഞാല്‍ നമുക്കുവേണ്ടി വിടുവേലകളും വീട്ടുവേലകളും നാട്ടുവേലകളും ആര് ചെയ്യും. തല്‍ക്കാലം... മാപ്പു കൊടുക്കാമല്ലേ.
ഇസ്‌ലാം ഓണ്‍ ലൈവിന്‌വേണ്ടി  

Thursday, October 16, 2014

അഴക് മങ്ങുന്ന കറുപ്പ് നിറം

ഓരോ നിറത്തിനും അതിന്റേതായ ഭംഗിയുണ്ട്. കറുപ്പിന് ഏഴഴക് എന്ന ചൊല്ലുണ്ടെങ്കിലും വെളുത്തവര്‍ ഭംഗിയുള്ളവര്‍ എന്ന പൊതു ബോധം ഇവിടെ സൃഷ്ടിക്കപ്പെട്ടിരിക്കുന്നു. വര്‍ണ്ണ വിവേചനത്തിന്റെ വികൃതമായ വീക്ഷണത്തോടുള്ള വിയോജിപ്പും പ്രതിഷേധവും അറിയിക്കുകയാണ് സൂര്യന്‍ തന്റെ പോസ്റ്റിലൂടെ

സാധാരണക്കാരന്റെ നിറം കറുപ്പാണ്. തൊഴിലാളിയുടെ നിറം കറുപ്പാണ്. അതിനെ അരോചകം എന്ന് പറയുന്ന പരസ്യങ്ങള്‍ നിരന്തരം ഇവിടെ കാണിക്കുന്നു. കറുത്ത നിറമുള്ളവരുടെ മാനസ്സിക അവസ്ഥയെ തകിടം മറിക്കുന്നു. ഇതിനെതിരെ ശക്തമായ പ്രതിഷേധങ്ങളൊന്നും ഉയരുന്നില്ല. വിവാഹ മാര്‍ക്കറ്റില്‍ കറുത്ത പെണ്‍കുട്ടിക്ക് മാര്‍ക്കറ്റ് ഇല്ല. ജോലി സ്ഥലങ്ങളില്‍ അവള്‍ അവഹേളിക്കപ്പെടുന്നു. കറുത്തവന്റെ ആത്മാഭിമാനത്തിനു കല്ലെറിയുന്ന ഈ സമൂഹത്തിന്റെ മുഖത്തടിക്കാനുള്ള അവകാശം കറുത്തവര്‍ക്കുണ്ട്. കാരണം വെളുക്കാന്‍ തേക്കാന്‍ പറയുന്ന ഓരോ പരസ്യവും അവര്‍ക്ക് നേരെ അയക്കുന്ന ക്രൂരമ്പുകളാണ്. അതിനെതിരെ പ്രതിരോധിക്കാനും പ്രതിക്ഷേധിക്കാനും കറുത്തവര്‍ തന്നെ മുന്നിട്ടിറങ്ങണം.

.........................

പാരമ്പര്യമായി നില നിന്നു പോന്നിരുന്ന ഒട്ടേറെ മാനവിക മാനുഷിക സങ്കല്‍പങ്ങള്‍ താറുമാറാകുന്നതിന്റെ നേര്‍ചിത്രങ്ങള്‍ യഥേഷ്ടം സുലഭായ ഒരു നൂറ്റാണ്ടിലൂടെയാണ് കാലചക്രം കറങ്ങിക്കൊണ്ടിരിക്കുന്നത്. മനുഷ്യന് നാല്‍കാലിയുടെ വിലപോലും കല്‍പിക്കപ്പെടാത്ത ഇരുകാലികളുടെ ലോകം എന്ന വായനയേയും തോല്‍പിക്കുന്ന കലികാലം. ഏതു ദര്‍ശനത്തിന്റെ വാഹകരായി ചമഞ്ഞാലും തീവ്രതയുടെ ഭീകരമുഖം ഒരു പോലെത്തന്നെ.

ഇറച്ചി കച്ചവടം നടത്തിയെന്ന 'ഭീകര' കുറ്റത്തിന് ദേശക്കൂറിന്റെ മൊത്ത വ്യാപാരികളായി അരങ്ങു തകര്‍ക്കുന്നവരുടെ ക്രൂര വിനോദം ചിത്ര സഹിതം പങ്കുവയ്ക്കുകയാണ് ബിജു ആലങ്കോട് 

എന്തുകൊണ്ട് മത തീവ്രവാദികള്‍ അത് ഇന്ത്യയിലായാലും ഇറാക്കിലായാലും മറ്റെവിടെയായാലും എതിര്‍ക്കപ്പെടണമെന്നതിന്റെ നേര്‍സാക്ഷ്യമാണ് ഈ ചിത്രങ്ങള്‍. പേരുകളിലും ആചാരങ്ങളിലും വേഷത്തിലും മാത്രമേ ഇവര്‍ വ്യത്യസ്തരാകുന്നുള്ളു. മനുഷ്യ വിരുദ്ധതയിലും വെറുപ്പിലും വിദ്വേഷത്തിലും ഇവര്‍ തമ്മില്‍ യാതൊരു വ്യത്യാസവുമില്ല. സംഘപരിവാരം എന്തുകൊണ്ട് എതിര്‍ക്കപെടണം എന്ന് ഈ ചിത്രം നിങ്ങളെ ബോധ്യപ്പെടുത്തേണ്ടതാണ്

...........................

ജന്മം കൊണ്ട് അറിയപ്പെടുന്ന വിശ്വാസികള്‍ എന്നതിനപ്പുറം കര്‍മ്മം കൊണ്ട് വിശ്വാസിയാകുമ്പോള്‍ മാത്രമേ വിശ്വാസി എന്ന വിളിപ്പേരിനെ സാര്‍ഥകമാക്കാന്‍ സാധിക്കുകയുള്ളൂ. മാത്രമല്ല ഇക്കൂട്ടര്‍ വിശ്വാസത്തിന്റെ ലേബലില്‍ അന്ധ വിശ്വാസങ്ങളുടെ ബലിയാടുകളാകുകയും ചെയ്യും. വിശ്വാസം കൊണ്ട് ആര്‍ജിക്കാനാവുന്ന മനശ്ശക്തിയും ഭക്തിയും കൊണ്ട് അനുഗ്രഹിതനായിരിക്കും നിഷ്‌കളങ്കനായ ഈശ്വര വിശ്വാസി

ഭക്തിയും സാധനകളുമൊക്കെ ഒരുവനെ എങ്ങനെയാണ് സന്തോഷവാനുംശാന്തനും ദയാവാനും സത്യശീലനുമാക്കുന്നതെന്ന് സ്വാമി വിവേകാനന്ദനോട് ഒരു വിദേശശിഷൃന്‍ ചോദിച്ചു. സ്വാമിജി പറഞ്ഞ മറുപടി (ദേവദത്തം) പങ്കുവെച്ചത് ഇവിടെ പകര്‍ത്തുന്നു 

'ആഗ്രഹങ്ങള്‍ക്കും നിരാശകള്‍ക്കുമിടയില്‍ ഉഴറിനടക്കുകയാണ് നാം ഓരോരുത്തരും. ആഗ്രഹങ്ങളുടെ നൈമിഷികനേട്ടങ്ങള്‍ നമ്മെ ആനന്ദിപ്പിക്കും. നിരാശകള്‍ നമ്മെ വേദനിവേദനിപ്പിക്കും. എപ്പോഴും ഈ രണ്ടിനുമിടയില്‍ ആയിരിക്കുന്നതിനാല്‍ ശാന്തരായി ജീവിക്കാനും ജോലിചെയ്യാനും നമുക്കാവുന്നില്ല. ഭക്തി നിങ്ങളെ ശാന്തനാക്കുന്നു. കാരണം, നിങ്ങള്‍ ജഗദ്പാലകനായ ഈശ്വരന്റെ നിയന്ത്രണത്തില്‍ മനസ്സര്‍പ്പിച്ചുകഴിഞാല്‍ ആഹ്ലാദത്തില്‍ മതിമറക്കാനും ദുഃഖത്തില്‍ തളര്‍ന്നു പോകാനും പറ്റാതെ വരുന്നു. ഈ അവസ്ഥ മനസ്സിന്ന് കൂടുതല്‍ കരുത്ത് പകരുന്നു.'
ഇസ്‌ലാം ഓണ്‍ ലൈവിന്‌വേണ്ടി