Friday, May 23, 2014

തകര്‍പ്പന്‍ വിജയം 

കത്രീന ചുഴലിക്കാറ്റിന്റെ പതിന്മടങ്ങ് ശക്തിയിലാണ് ഇന്ത്യയില്‍ മോഡി കൊടുങ്കാറ്റ് ആഞ്ഞ് വീശിയിരിക്കുന്നത്. തകര്‍പ്പന്‍ വിജയമെന്നല്ല, 'അതിഭീകര' വിജയമെന്ന് തന്നെ പറയണം. ഈ കൊടുങ്കാറ്റില്‍ കോണ്‍ഗ്രസ്സും സഖ്യകക്ഷികളും തകര്‍ന്നടിഞ്ഞു.

മോഡി തരംഗം അടിച്ചുവീശാനുണ്ടായ കാര്യകാരണങ്ങളെ വിശദീകരിക്കുന്നതോടൊപ്പം ജനവിധിയെ മാനിക്കാനുള്ള ജനാധിപത്യ പരമായ മര്യാദയെയും ഭാവി ഭാരതത്തിന്റെ നന്മയ്ക്ക് ഭരണകര്‍ത്താക്കളും ഭരണീയരും ഏറ്റെടുക്കേണ്ട ഉത്തരവാദിത്വത്തെയും ബഷീര്‍  വള്ളിക്കുന്ന്   വിവരിക്കുന്നു..

മോഡി ഇനി ബി ജെ പിയുടെ പ്രധാനമന്ത്രിയല്ല, നമ്മുടെ എല്ലാവരുടെയും പ്രധാന മന്ത്രിയാണ്. ഇന്ത്യന്‍ ജനാധിപത്യവും മതേതര വ്യവസ്ഥകളും ഇപ്പോഴുള്ളത് പോലെ തന്നെ കോട്ടമൊന്നും തട്ടാതെ നിലനിന്ന് കാണണമെന്ന് ആഗ്രഹിക്കുന്ന എല്ലാവര്‍ക്കും ഇനി ചെയ്യാനുള്ളത് ഒരേയൊരു കാര്യമാണ്. മുട്ടിപ്പായി പ്രാര്‍ത്ഥിക്കുക. പടച്ചോനെ.. മോഡിക്ക് നല്ല ബുദ്ധി കൊടുക്കണമേ.

വള്ളിക്കുന്നിന്റെ ലേഖനത്തില്‍ നാസു എന്ന വായനക്കാരന്‍ പ്രതികരിച്ചതിങ്ങനെ:
മോഡി ഒരു വ്യക്തിയായി ജയിച്ചു കയറിയതല്ല അദ്ദേഹം പ്രതിനിധാനം ചെയ്യുന്ന ഒരു പ്രത്യയ ശാസ്ത്ര പാശ്ചാത്തലം കൂടി കണക്കിലെടുത്താല്‍ ഈ മുട്ടിപ്പായ പ്രാര്‍ത്ഥനകള്‍ക്ക് സാംഗത്യമില്ല. അതിനാല്‍ ഇന്ത്യന്‍ മതേതരത്വം താല്‍ക്കാലികമായെങ്കിലും നാടു നീങ്ങി എന്നതാണ് പരമാര്‍ത്ഥം.
---------------------------------------------------------
ദുരന്ത നിവാരണങ്ങളുമായി മുഖ്യനും പ്രജാ വത്സരരായ വകുപ്പ് മന്ത്രിമാരും വിളിപ്പുറത്ത് കാതോര്‍ത്ത് നില്‍ക്കുന്ന മഹാബലിക്കാലത്താണ് ഇന്നത്തെ മലയാളക്കര എന്ന പ്രതീതി ജനിപ്പിക്കാന്‍ ആധുനിക സാങ്കേതിക സൗകര്യങ്ങളിലൂടെ സാധിക്കുന്നതില്‍ അഭിമാനിക്കാന്‍ വകയുണ്ട്. ഓപറേഷന്‍ കുബേരയുടെ 'ജഗപൊകക്കാലത്ത്' പ്രത്യേകിച്ചും. പീഡനം അധികൃതവും അനധികൃതവും എന്നതിനേക്കാള്‍ ഇത്തരത്തില്‍ ചൂഷണം ചെയ്യപ്പെടുന്ന കുചേലന്മാര്‍ക്ക് വേണ്ടി ക്രിയാത്മകമായ എന്തെങ്കിലും നടപടികളെക്കുറിച്ച് ആലോചിക്കാനുള്ള ആര്‍ജ്ജവം ഭരണ കര്‍ത്താക്കളില്‍  നിന്നുണ്ടാകുമോ എന്ന ചോദ്യം പ്രസക്തമത്രെ.
ഓപറേഷന്‍ കുബേരയെന്ന പേരിലെ  അനൌചിത്യവും അതൃപ്തിയും അറിയിക്കുകയാണ് അകക്കണ്ണ് എന്ന ബ്ലോഗര്‍.

പുരാണങ്ങളില്‍ ഒരിടത്തും കുബേരനെ ഒരു കൊള്ളക്കാരനോ പിടിച്ചുപറിക്കാരനോ ആയി നിര്‍വചിച്ചിട്ടില്ല കുബേരന്‍ എന്ന് നാം വിളിക്കേണ്ടത് ബില്‍ ഗേറ്റ്‌സിനെയും ആ ശ്രേണിയില്‍ വരുന്ന കോടീശ്വരന്‍ മാരെയും ആണ് അല്ലാതെ കൊള്ള പലിശ ക്കാരെയും ബ്ലേഡ് മാഫിയയെയും പിടിച്ചു പറിക്കാരെയും അല്ല. വാസ്തവത്തില്‍ കുബേരന്‍ ഹൈന്ദവരെ സംബന്ധിച്ചിടത്തോളം സമ്പത്തിന്റെയും ധനത്തിന്റെയും ദേവന്‍ ആണ്. 
----------------------------------------------------------
ലഹരി മുക്തമായ ഒരു നാടിനെ വിഭാവന ചെയ്ത പരിവ്രാചകന്റെ ആശയാദര്‍ശങ്ങളുടെ വക്താവായി ഒരു കള്ള് കച്ചവടക്കാരന്‍ അവരോധിക്കപ്പെട്ടത് ജനങ്ങള്‍ക്കിടയിലെ ചിരിയടക്കാനാകാത്ത തമാശയായി  മാറിയിരിക്കുന്നു. എല്ലാ സമ്മര്‍ദ്ധങ്ങളുമുണ്ടായിട്ടും മദ്യത്തിന്റെ വിഷയത്തില്‍  ധീരമായ നിലപാടെടുത്ത   സുധീരന്റെ എഫ്.ബി പോസ്റ്റിലെ ചില ഭാഗങ്ങള്‍ ഇവിടെ പങ്കുവയ്ക്കുന്നു.

മദ്യോപയോഗവും മദ്യലഭ്യതയും ക്രമേണ കുറച്ചു കൊണ്ട് വരിക എന്ന ലക്ഷ്യം യാഥാര്‍ത്ഥ്യമാകണമെങ്കില്‍ രാഷ്ട്രീയ കക്ഷികളും വിദ്യാര്‍ഥി പ്രസ്ഥാനങ്ങളും സര്‍ക്കാര്‍ ജീവനക്കാരുടെയും അധ്യാപകരുടെയും സംഘടനകളും, സന്നദ്ധസംഘടനകളും അധ്യാത്മിക സംഘടനകളും ത്രിതല പഞ്ചായത്ത് നഗരസഭ സംവിധാനങ്ങളും, സംസ്ഥാന സര്‍ക്കാരും മറ്റും ഉള്‍പ്പെട്ട അതിവിപുലമായ ഒരു ലഹരി വിരുദ്ധ പ്രസ്ഥാനം നമ്മുടെ സംസ്ഥാനത്ത് രൂപംകൊള്ളുകയും ശക്തമായി പ്രവര്‍ത്തിക്കുകയും ചെയ്യേണ്ടതാവശ്യമാണ്.
---------------------------------------------------------
ഇന്ത്യയുടെ മുന്‍ രാഷ്ട്രപതി എപിജെ അബ്ദുല്‍ കലാം ഒരിക്കല്‍ വിദ്യാര്‍ഥികള്‍ക്ക് നല്‍കിയ സദുപദേശം പ്രസിദ്ധമത്രെ. 'ഉറക്കില്‍ കാണുന്നതല്ല സ്വപ്‌നം. നമ്മുടെ ഉറക്കം നഷ്ടപ്പെടുത്തുന്നതാണ് യഥാര്‍ഥ സ്വപ്‌നം'. വിദ്യാര്‍ഥികള്‍ക്ക് ഉറക്കിലും ഉണര്‍ച്ചയിലും സ്വപ്‌നം നിഷേധിക്കപ്പെടുന്ന സാഹചര്യങ്ങള്‍ കേരളത്തിന്റെ ശാപമത്രെ. വര്‍ത്തമാന കാല ദുരന്താനുഭവത്തെ പ്രമേയമാക്കി ജീവിതപ്പരീക്ഷയില്‍ തോല്‍പ്പിക്കപ്പെട്ടവവളെക്കുറിച്ച് ശഫീഖ് പറപ്പുമ്മല്‍ കുറിച്ചിട്ട ശ്രദ്ധേയമായ വരികള്‍:

'ജീവിതപ്പരീക്ഷയില്‍
തോല്‍പ്പിക്കപ്പെട്ടവളുടെ 
ഉത്തരക്കടലാസിനെയാണ് 
ആത്മഹത്യാകുറിപ്പെന്ന്
തെറ്റി വായിക്കുന്നത് 
കണ്ണീരു മായ്ച്ച
അക്ഷരങ്ങളെയാണ് 
ആത്മഹത്യയെന്നു 
വ്യാഖ്യാനിക്കുന്നത്
വിദ്യാഭ്യാസികള്‍ക്ക് നേരെയുള്ള 
ചോദ്യചിഹ്നത്തെയാണ് 
മരണക്കുരുക്കെന്ന് 
സങ്കടപ്പെടുന്നത്...'
ഇസ്‌ലാം ഓണ്‍ ലൈവ്‌ നെറ്റുലകത്തിനുവേണ്ടി ....