Sunday, June 1, 2014

സ്‌റ്റോക്‌ഹോം സിന്‍ഡ്രോം

സ്‌റ്റോക്‌ഹോം സിന്‍ഡ്രോം എന്ന മാനസിക വിഭ്രാന്തി ഭാരതത്തിന്റെ പുതിയ രാഷ്‌ട്രീയ കാലാവസ്ഥയില്‍ പടര്‍ന്നു പിടിക്കാനുള്ള സാധ്യതയെ നിരാകരിക്കാനാകില്ലെന്നത്രെ വിവിധ സാംസ്‌കാരിക സാമൂഹിക രാഷ്‌ട്രീയ സൈദ്ധാന്തിക വൃത്തങ്ങളില്‍ നിന്നുള്ള സൂചനകള്‍ സ്‌റ്റോക് ഹോമില്‍ ബാങ്ക് കവര്‍ച്ചക്കാരനോട് ഒരു പെണ്ണിന് തോന്നിയ പ്രേമം വിവാഹത്തില്‍ കലാശിച്ചതോടെയാണ് ദുഷ്‌കര്‍മികളോട് അനുഭാവം തോന്നുന്ന മാനസികാവസ്ഥയെ 'സ്‌റ്റോക്‌ഹോം സിന്‍ഡ്രോം' എന്ന പേരില്‍ വിവക്ഷിക്കാന്‍ തുടങ്ങിയത്. ഈ അപകടകരമായ രോഗത്തിന്റെ വര്‍ത്തമാന സാംഗത്യത്തെക്കുറിച്ച്‌ റഹ്‌മത്തുല്ല മഗ്‌രിബിന്റെ ഹൃസ്വമായ കുറിപ്പ്‌ പങ്കുവയ്‌ക്കുന്നു.

തങ്ങള്‍ പറയുന്ന പോലെ കേട്ടില്ലെങ്കില്‍ കൊന്നു കളയും എന്ന് ഭീഷണി മുഴക്കി യാത്രക്കാരെ തോക്കിന്‍  മുനയില്‍ നിര്‍ത്തി , ജീവനെപ്പേടി ഉണ്ടാക്കി വിമാനം റാഞ്ചുന്ന ഭീകരര്‍ യാത്രക്കാര്‍ സഹകരിച്ചു കഴിഞ്ഞാല്‍ ഒരു ‘നല്ല പിള്ള’ ചമയും. കുട്ടിയെ എടുത്തു കൊഞ്ചും, ദാഹിക്കുന്നവര്‍ക്ക് വെള്ളം കൊടുക്കും, അങ്ങിനെ ചില പൊടിക്കൈകള്‍. ആ സന്ദര്‍ഭത്തില്‍, കടുത്ത കുറ്റവാളിയില്‍ കാണുന്ന ചെറിയ നന്മകളും പൊടിക്കൈകളും ചില യാത്രക്കാരെ വല്ലാതെ റാഞ്ചിയിലേക്ക് അടുപ്പിക്കും. തങ്ങളുടെ വിമാനം ഇവര്‍ റാഞ്ചിയിരിക്കുകയാണ് എന്നും തങ്ങളുടെ ജീവന്‍ ഇവര്‍ അപായപ്പെടുത്തിയിരിക്കുന്നു എന്നും മറന്നു കൊണ്ട്. ഇതൊരു തരം മാനസികാവസ്ഥ ആണ്.അഥവ 'സ്‌റ്റോക്‌ഹോം സിന്‍ഡ്രോം ..'
......................

ഭാരതത്തിന്റെ ഭാവപ്പകര്‍ച്ച അക്ഷരാര്‍ഥത്തില്‍ പ്രകടമാണ്‌.സുഖലോലുപതയുടെ ആലസ്യം സമൂഹ ഗാത്രത്തില്‍ മാറാവ്യാധിയായി പടര്‍ന്നു കയറിയിരിക്കുന്നു. കണ്ടാലും കൊണ്ടാലും പഠിക്കാതെ ഒന്നും സംഭവിച്ചില്ലെന്ന മട്ടില്‍ ബഹു ഭൂരിപക്ഷം ജനങ്ങളും  പകല്‍ കിനാവിന്റെ മാന്ത്രിക ലോകത്താണ്‌ .ഇനി ഇവിടെ അഴിമതിയില്ല, ഇനി ഇവിടെ പ്രശ്‌നങ്ങളില്ല എന്ന സ്വയംസൃഷ്ട സ്വർഗ്ഗത്തിൽ മയങ്ങുന്നവരെ.തട്ടി ഉണര്‍ത്താന്‍ ശ്രമിക്കുകയാണ്‌ സഹൃദയനായ കവി രാമ ചന്ദ്രന്‍ വെട്ടിക്കാട്‌.

ഇല്ലാത്ത ദേശീയ സാംസ്കാരിക ഐഡന്റിറ്റികളെ സൃഷ്ടിച്ച്, അടിയന്തരാവസ്ഥയ്ക്ക് ശേഷം അവരന്നോളം വിതച്ച വിഷവൃക്ഷങ്ങളുടെ തണലുകൾ വഴി ഇന്ത്യൻ രാഷ്ട്രീയത്തിലേക്ക് രഥമുരുണ്ട ഓരോ വഴിയിലും രക്തപ്പുഴകളും വർഗ്ഗീയലഹളകളും സൃഷ്ടിച്ച് അതൊന്ന് ആയുധമാക്കി നിരക്ഷരകുക്ഷികളെയും സുഖലോലുപരേയും കയ്യിലെടുക്കുന്ന ആയിരം കൈകളുള്ള സംഘപരിവാരം, വലത് വർഗ്ഗീയവാദികൾ ഇന്ത്യയുടെ ഭരണാധികാരികളായി വരുന്ന സമയമാണിത്. എങ്ങനെയാണു അവർ, കമ്മ്യൂണലിസം, വർഗ്ഗീയത രാജ്യത്തിന്റെ വിവിധ ബോധമണ്ഡലങ്ങളിൽ ഒളിഞ്ഞും തെളിഞ്ഞും പടർന്ന് കയറിയത് എന്ന ചരിത്രം അറിയാത്തവർക്കും അറിഞ്ഞിട്ടും അറിയാത്ത ഭാവം നടിക്കുന്നവർക്കും അവരവരുടെ സങ്കൽപ്പനത്തിൽ തുടരാം. 
......................
ഈയിടെ കേരള സര്‍ക്കാര്‍ രണ്ടും കല്‍പിച്ചിറങ്ങിയെന്നാണ്‌ തോന്നുന്നത്‌.മദ്യം മയക്കു മരുന്ന്‌ വേട്ടക്കള്‍ ,സാമ്പത്തിക കുറ്റകൃത്യങ്ങള്‍ കണ്ടെത്താനുള്ള ഊര്‍ജിതമായ ഓപറേഷനുകള്‍ ,കുടിവെള്ള മാഫിയകളെ തളക്കാനുള്ള തന്ത്രപരമായ കരുനീക്കങ്ങള്‍ തുടങ്ങി ഇപ്പോളിതാ ഭക്ഷണ ശാലകളിലെ അനാരോഗ്യകരമായ ശീലങ്ങള്‍ക്ക്‌ മൂക്ക്‌ കയറിടാനുള്ള തീവ്ര ശ്രമം വരെ എത്തിനില്‍ക്കുന്നു.ജന നന്മക്ക്‌ വേണ്ടിയുള്ള ശ്രമങ്ങളെ നമുക്ക്‌ ശ്ളാഘിക്കാം. ഫാന്‍സി ഗാങ്  പങ്കുവയ്‌ക്കുന്ന പാചകവിശേഷങ്ങളില്‍ ചിലത്‌.

അടുക്കളയിൽ തറയുണ്ടോ എന്ന് പരിശോധിക്കാൻ പുതിയൊരു വിദഗ്ദ്ധ സമിതിയെ വയ്ക്കണം. അത്രയും ഗതികേടിലായിരുന്നു ഒരു സ്ഥലത്തെ അടുക്കളയുടെ ഉൾവശം. തറ തുടച്ചിട്ട് തന്നെ മാസങ്ങളായെന്ന് ഉറപ്പ്. അഴുക്ക് കെട്ടിക്കിടന്ന് തറയ്ക്ക് മറ്റൊരു നിറം വന്നു. അതും ഉടമകൾ ഒരലങ്കാരമായി കാണുന്നു. ടൈലുകൾ പലതും പൊട്ടിപ്പൊളിഞ്ഞ് ഇളകി മാറി കിടക്കുകയാണ്.മാസങ്ങൾ പഴകിയ മാംസം ഫ്രീസറിൽ ബന്ധുക്കളെത്താത്ത അനാഥ ശവം മോർച്ചറിയിൽ വച്ചിരിക്കുന്നതുപോലെ ചിക്കനും മട്ടനും ബീഫുമൊക്കെ ഫ്രീസറിൽ മാസങ്ങളായി ഇരിക്കുകയാണ്.ഹോട്ടല്‍ ഭക്ഷണം ഒഴിവാക്കാന്‍ പറ്റുമെങ്കില്‍ അതിനേക്കാള്‍ നല്ലതായി നിങ്ങളുടെ ശരീരത്തിന് വേണ്ടി നിങ്ങള്‍ക്ക് ഒന്നും  ചെയ്യാനില്ല. 
......................
സമൂഹത്തിന്റെ സമുദ്ധാരണത്തിന്‌ വേണ്ടിയുള്ള അത്യധ്വാനങ്ങളെ ഭീകര പ്രവര്‍ത്തനവും വര്‍ഗീയതയുമായി ചിത്രീകരിക്കരുത്‌.ഇതര സമൂഹങ്ങളോടുള്ള വിദ്വേഷത്തിന്റെയും അസഹിഷ്‌ണുതയുടേയും ചേറിലും ചളിയിലുമാണ്‌ വര്‍ഗീയത വിരിയുന്നത്‌.കേരളം ഭീകരവാദത്തിന്റെ നഴ്‌സറിയാണെന്ന്‌ പ്രഘോഷണം ചെയ്‌ത സാക്ഷാല്‍ സേവകന്റെ നാക്ക്‌ പൊന്നാക്കാന്‍ 'അണ്ണാറക്കണ്ണനും തന്നാലായത്‌ ' നടന്നു കൂടായ്‌കയില്ല.അനാഥാലയങ്ങളിലെ കുട്ടികളെ പൊലീസ്‌ തടഞ്ഞുവെച്ച വാര്‍ത്തകളുടെ  അവതരണ സ്വഭാവം ഇത്തരം ദുസ്സൂചനകള്‍ ജനിപ്പിക്കുന്നുണ്ട്‌.ഇവ്വിഷയത്തില്‍ മഹ്‌മൂദ്‌ കെ യുടെ പ്രതികരണം ഇങ്ങനെ വായിക്കാം.

'നൂറു കണക്കില്‍  അന്യ സംസ്ഥാന കുട്ടികള്‍  നമ്മുടെ നാട്ടില്‍ വന്നിറങ്ങുമ്പോള്‍ അതിനെ കുറിച്ച് അന്വേഷിക്കേണ്ടത് അധികാരികളുടെ കടമയാണ്. എന്നാല്‍  അവരെല്ലാം പല യത്തീം ഖാനകളില്‍  അഭയം തേടിയെത്തിയ അനാഥരും അഗതികളും ആണെന്ന് അറിയുന്ന പക്ഷം അവരെ നിയമ കുരുക്കില്‍ പെടുത്തുന്ന നിയമ പാലനത്തിന് ന്യായീകരണമില്ല. ഇത്തരം കുരുന്നു ബാല്യങ്ങളോടും അവരെ സംരക്ഷിക്കുന്ന സുമനുസ്സുകളോടും ആര്‍ക്കെങ്കിലും ശത്രുത തോന്നുന്നുണ്ടെങ്കില്‍ അവര്‍ മതാന്ധതയും മത ഭ്രാന്തും പിടിപ്പെട്ട ദുഷ്ട ജന്മങ്ങളായിരിക്കും. ഉത്തരേന്ത്യന്‍  മുസ്ലിംകളില്‍ മഹാ ഭൂരിഭാഗവും ഇന്നും കന്ന്കാലി ജീവിതം നയിക്കുന്നത് എന്നും അതേ പടി തുടരണം എന്നാഗ്രഹിക്കുന്ന നിക്ഷിപ്ത തല്പരരും, വോട്ടു ബാങ്ക് രാഷ്ട്രീയം പരിപാലിക്കുന്നവരും ഈ അനാഥ/അഗതികള്‍ ഗതി പിടിക്കുന്നത് ഇഷ്ടപ്പെടുന്നവരായിരിക്കില്ല.
......................
​സൂഫി കവിതകളുടെ ഉള്ളറകള്‍ തേടുന്ന യുവ കവി സുലൈമാന്‍ മുഹമ്മദ്‌ 
കുറിച്ചിട്ട മുത്ത്‌ മണികള്‍ പോലുള്ള ദിവ്യാനുരാഗ ഗീതം ഇങ്ങനെ....  

​അവനെ പ്രണയിക്കുന്നതെന്തിനെന്നോ?
പ്രകാശത്തെ കൊതിക്കുന്നതെന്തിനെന്നോ?
ഹൃദയത്തിലേക്കായൊരു ചെറുതിരി 
മറ്റെവിടെനിന്നാണെനിക്ക് കൊളുത്താനാവുക!​

ഇസ്‌ലാം ഓണ്‍ ലൈവ്‌ നെറ്റുലകത്തിനുവേണ്ടി ...