Monday, June 16, 2014

പുലിപെറ്റ ഒന്നു പോരെ

ഇന്ത്യന്‍ ബഹുസ്വര സമൂഹത്തിന്റെ നിറം മായ്ക്കപ്പെട്ട സഭാന്തരീക്ഷത്തിലെ ഒറ്റപ്പെട്ട ശബ്ദം ശബ്ദമില്ലാത്തവരുടെ ശബ്ദമായി വിലയിരുത്തപ്പെട്ടു. ധാര്‍മ്മികരോഷത്തിന്റെ വാഗ്‌ധോരണിയിലൂടെ ഹൈദരാബാദില്‍ നിന്നുള്ള എം.പി ഉവൈസിയുടെ ചാട്ടുളിപോലുള്ള ചോദ്യങ്ങള്‍ക്ക് മുന്നില്‍ ഇന്ത്യന്‍ അധികാരനിര നിരായുധരായി എന്ന് റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നു. ഇന്ത്യന്‍ ലോക സഭാ ചരിത്രത്തിലെ അവിസ്മരണീയ നിമിഷങ്ങളെ അഭിമാനത്തോടെ പകര്‍ത്തുകയാണ് ലുഖ്‌മാനുല്‍  ഹഖീം.

'ഒരുപാടു നാളുകള്‍ക്ക് ശേഷം ഇന്നൊന്നു കോരിത്തരിച്ചുപോയി. ലോക്‌സഭയുടെ ചുമരുകള്‍ പുളകം കൊണ്ടിരിക്കും എന്ന് തീര്‍ച്ച. രാജ്യത്തിന്റെ ചരിത്രത്തിലെ കറുത്തദിനങ്ങളെ എണ്ണിയെണ്ണി പറഞ്ഞ ഉവൈസിയെ തളര്‍ത്തിയിരുത്താന്‍ കഴിയാതെ സഭക്കകത്തെ ഫാസിസ്റ്റുകളടെ ശബ്ദം അദ്ദേഹത്തിന്റെ ഓര്‍മ്മപ്പെടുത്തലില്‍  ഒടുങ്ങിപ്പോയി. പ്രതീക്ഷ തോന്നുന്നു ഉവൈസി താങ്കളുടെ ശൗര്യം കാണുമ്പോള്‍. നീതിയുടെ കണക്ക് ചോദിക്കാന്‍ പട്ടി പെറ്റപോലെ എന്തിനാണ് കുറേയെണ്ണം പുലിപെറ്റ ഒന്നു പോരെ. ഒരായിരം അഭിവാദ്യങ്ങള്‍ ഉവൈസി.'
.........................

രാജ്യാന്തര വരേണ്യ വിഭാഗത്തിന്റെ ഇഷ്ടാനിഷ്ടങ്ങളായിരിക്കുന്നു ലോകമെമ്പാടുമുള്ള നീതിന്യായ സംവിധാനങ്ങളുടെ അളവുകോല്‍. അഭ്യന്തര രാഷ്ട്രീയ സംഭവ വികാസങ്ങള്‍ മുതല്‍ ഭീകരവാദ തീവ്രവാദ സമസ്യകള്‍ വരെ ഇവ്വിധമാണ് കൈകാര്യം ചെയ്യപ്പെടുന്നത്. ദൈവീക ദര്‍ശനവും അതിനെ പ്രതിനിധാനം ചെയ്യുന്നവരും മുഖ്യമായും ഉന്നം വെക്കപ്പെടുന്ന ഈ അജണ്ടയില്‍ ലിഖിതവും അലിഖിതവുമായ രാജ്യാന്തര നിയമങ്ങളും ഉണ്ടായേക്കാം. തങ്ങള്‍ക്കിണങ്ങിയ ആഗോള രാഷ്ട്രീയ കാലാവസ്ഥയില്‍ ലോകമെമ്പാടും വിശിഷ്യ ഇന്ത്യയിലും ഇന്ത്യന്‍ ഉപഭൂഖണ്ഡത്തിലും പരശ്ശതം 'വിക്കറ്റുകള്‍' നേടിയെടുക്കാന്‍ അശ്രാന്ത ശ്രമങ്ങള്‍ രാഷ്ട്രീയ കളിക്കളങ്ങളില്‍ നട്ന്നതിനും ലോകം സാക്ഷിയാണ്.

എന്‍.ഐ.എ യുടെ രണ്ടു വര്‍ഷത്തെ സൂക്ഷ്മ നിരീക്ഷണത്തിനു ശേഷം കുറ്റമുക്തനാക്കപ്പെട്ട ഐജാസ് അഹ്മദിനേയും ഇതുവഴി വീഴ്ത്തപ്പെട്ട 'വിക്കറ്റ്' വിശേഷവും പങ്കുവയ്ക്കുകയാണ് സിദ്ധീഖ് കിഴക്കേതില്‍. 

'വിക്കറ്റുകള്‍ വീഴുമ്പോള്‍ ചതഞ്ഞ് അരഞ്ഞുപോകുന്നത് ഒരു പറ്റം യുവാക്കളുടെ ജീവിതമാണ്. ഒരു റണ്‍ഔട്ടിനുള്ള ശ്രമത്തിലൂടെ ഈ വിക്കറ്റും വീഴ്ത്തിയതായിരുന്നു. എന്നാല്‍ തേഡ് അമ്പയറുടെ സൂക്ഷ്മ വിശകലനത്തില്‍ ഔട്ടാകാതെ രക്ഷപ്പെട്ടു. ഇനി അടുത്ത വിക്കറ്റ് ആരുടെതാണെന്ന് ആര്‍ക്കറിയാം. കപ്പിനും ചുണ്ടിനും ഇടയിലല്ല, ജീവിതത്തിനും മരണത്തിനും ഇടയില്‍ എത്ര ജീവിതങ്ങളാണ് ഇങ്ങനെ വഴിയാധാരമായത്? വിക്കറ്റ് വീഴ്ത്തിയപ്പോള്‍ മീഡിയകള്‍ നിറഞ്ഞ് ആഘോഷിച്ചതായിരുന്നു. എന്നാല്‍ ഔട്ടല്ല എന്ന് വിധിച്ചത് മീഡിയകള്‍ അറിയില്ല. ഔട്ടാക്കാനും വിക്കറ്റ് വീഴ്ത്താനും ശ്രമിച്ചത് ആരാണെന്ന് മീഡിയ അന്വേഷിക്കുകയും ഇല്ല. ഇനിയൊട്ട് പ്രതീക്ഷിക്കുകയും വേണ്ട.'
.....................

സ്വതന്ത്ര ജാനാധിപത്യ സംവിധാനത്തിലൂടെ ഏകാധിപത്യ പ്രവണതകളുള്ള പ്രഭുക്കന്മാര്‍ അധികാരത്തില്‍ അവരോധിക്കപ്പെട്ടിരിക്കുന്നുവെന്ന് ഇന്ത്യന്‍ ഭരണമാറ്റത്തെ വിലയിരുത്തിക്കൊണ്ട് ചില സാമൂഹ്യ പ്രവര്‍ത്തകര്‍ അഭിപ്രായപ്പെട്ടിരുന്നു. പ്രസ്തുത നിരീക്ഷണം അക്ഷരം പ്രതി ശരിവയ്ക്കുന്ന ശീലും ശൈലിയും തന്നെയാണ് പുതിയ സര്‍ക്കാര്‍ സമീപനങ്ങളിലൂടെ ദൃശ്യമാകുന്നത്. നെഗറ്റീവ് ഫേസസ് എന്ന തലക്കെട്ടില്‍ പ്രധാന മന്ത്രിയെക്കുറിച്ച് സ്വതന്ത്ര രാഷ്ട്രീയ നിരീക്ഷണം പ്രസിദ്ധപ്പെടുത്തിയ കലാലയ മാഗസിനെതിരെയുള്ള നിയമ നടപടികള്‍ ഏകാധിപത്യ പ്രവണതകളിലേയ്ക്കുള്ള ചൂണ്ടു പലകയായി വിലയിരുത്തപ്പെടുന്നു.

ഭരണത്തേയും ഭരണാധികാരിയേയും വിമര്‍ശിക്കുന്നതിലൂടെ രാജ്യത്തെയാണു വിമര്‍ശിക്കുന്നതു എന്നും അത്തരക്കാര്‍ രാജ്യദ്രോഹികളാണു എന്നുമുള്ള 'അക്ഷര പേടിക്കാ'രുടെ ഫാഷിസ്റ്റ് കുബുദ്ധിയെ ചെറുത്തു തോല്‍പിക്കാന്‍ ആവശ്യപ്പെടുകയാണ് അംജദ് അലി.

'കലാലയത്തില്‍ നിലനില്‍ക്കുന്ന ജനാധിപത്യ ഇടങ്ങളില്‍ ഒന്നാണു കോളേജ് മാഗസിന്‍. മുഖ്യമന്ത്രി, പ്രധാനമന്ത്രി, ഭരണകൂടം, അവരുടെ നയ നിലപാടുകള്‍ എല്ലാം കോളേജ് മാഗസിനുകളില്‍ വിമര്‍ശന വിധേയമാകുന്നതു ആദ്യമായിട്ടല്ല. മറുവിഭാഗം അതിനെ രാഷ്ട്രീയപരമായും സാംസ്‌കാരികപരമായുള്ള സംവാദങ്ങള്‍ ഉയര്‍ത്തി നേരിടുന്നതും കലാലയത്തിലെ ജനാധിപത്യ കാഴ്ച്ചകളാണ്. എന്നാല്‍  വിമര്‍ശനങ്ങളെ പൊലിസും കേസും കൊണ്ട് നേരിടുന്നതു കലാലയത്തിലെ ജനാധിപത്യ ഇടങ്ങളെ ഇല്ലായ്മ ചെയ്യാനെ ഉപകരിക്കൂ..'
.......................................

മാറ്റത്തിനു ഒരുക്കമില്ലാത്തവരുടെ അവസ്ഥ മാറ്റപ്പെടുകയില്ലെന്ന ബോധനം ഏറെ പ്രശസ്തമാണ്. നമ്മുടെ നാടിന്റെ വ്യവസ്ഥയെക്കുറിച്ചും വ്യവസ്ഥിതിയെക്കുറിച്ചും ഉള്ള ആശങ്കകള്‍ കുറിച്ചിടുകയാണ് സുജ സൂസന്‍ ജോര്‍ജ്.

'ഓരോ കുഞ്ഞും ജനിക്കുന്നത് /ജനിക്കേണ്ടത് സ്വതന്ത്രമായും സ്വച്ഛമായും അന്തസ്സോടെയും ജീവിക്കാനുള്ള അവകാശത്തോടെയായിരിക്കണം. മാതാപിതാക്കളുണ്ടായിട്ടും അനാഥബാല്യങ്ങളായി ജീവിക്കേണ്ടി വരുന്നത് അവരുടെയോ മാതാപിതാക്കളുടെയോ കുറ്റം കൊണ്ടല്ല. വ്യവസ്ഥയുടെയും വ്യവസ്ഥിതിയുടെയും തകരാറു കൊണ്ടാണ്. ഇന്‍ന്ത്യയില്‍ മനുഷ്യാവകാശം തീരെ നിഷേധിക്കപ്പെട്ടു ജീവിക്കേണ്ടി വരുന്നത് കുഞ്ഞുങ്ങള്‍ക്കാണ്. അതിനു ദരിദ്ര സമ്പന്ന ഭേദമില്ല. കേരളം ഉള്‍പ്പെടെ ഇന്‍ന്ത്യയുടെ മിക്ക ഭാഗങ്ങളിലും കുഞ്ഞുങ്ങളെ വില്‍ക്കാനും വാങ്ങാനുമുള്ള ഏജന്‍സികള്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്ന് കേള്‍ക്കുന്നു. ഒരു തരം അടിമവ്യാപാരം തന്നെയല്ലേയത്..'
.................................. 

വഴിയരികില്‍ ചത്തുമലച്ച പട്ടിയെ സംസ്‌കരിക്കാന്‍ വിമുഖതകാട്ടിയ ഗ്രാമവാസികളെ കഴുകന്മാര്‍ വട്ടമിട്ട് കൊത്തിവലിച്ചാക്രമിച്ച കഥയിലൂടെ സമൂഹത്തിന്റെ നിരുത്തവാദപരമായ പരിണിതി ഹൃദയസ്പര്‍ശിയായി അവതരിപ്പിച്ച കഥാകാരന്റെ ഒരു പഴയ കഥ നിമിഷാര്‍ധം കൊണ്ട് ഓര്‍മ്മയില്‍ ഓടിയെത്തി. അതിനു കാരണമായതാകട്ടെ ചിത്ര സഹിതമുള്ള ഒരു അപകടവാര്‍ത്തയായിരുന്നു.

അപകടത്തില്‍ പെട്ട് ചോരവാര്‍ന്നു കിടക്കുന്ന സഹോദരനെ ഒരു നോക്കുപോലും നോക്കാതെ നിര്‍വികാരരായി കടന്നു പോകുന്നവരെ സാധാരണക്കാരായ മനുഷ്യര്‍ എന്ന് എങ്ങിനെ വിളിക്കും. തമ്പാനൂരില്‍ ബസിടിച്ച് റോഡില്‍ ചോരവാര്‍ന്ന് കിടക്കുന്ന റോബിന്‍ ആല്‍ബര്‍ട്ടിന് അരികിലൂടെ കടന്നു പോകുന്നവരുടെ മനുഷ്യത്വമില്ലായ്മയെ തുറന്നു കാട്ടുകയാണ് ശ്യാം നാഥ്. 

'ഒരു ജീവന്‍ രക്ഷിക്കാന്‍ പോലും സ്വന്തം തിരക്കുകള്‍ മാറ്റി വെയ്ക്കാനാകാതെ നമ്മുടെ മനസ്സ് മരവിച്ച് പോയല്ലോ... നിയമസഭയുടെ മുന്നില്‍ നില്‍ക്കുന്ന പോലീസ് ബറ്റാലിയനില്‍ നിന്ന് ഒരാളെങ്കിലും ഇവിടെ ഉണ്ടായിരുന്നെങ്കില്‍ ഒരു ജീവനെങ്കിലും രക്ഷിക്കാമായിരുന്നു.'
ഇസ്‌ലാം ഓണ്‍ ലൈവ്‌ നെറ്റുലകത്തിനുവേണ്ടി ...