Tuesday, September 9, 2014

കവിതപോലെ ജീവിച്ച സുറയ്യയും ...

ജന്തുജാലങ്ങളുടെ വംശനാശത്തില്‍ പോലും  ചങ്കുപൊട്ടിപ്പാടിക്കൊണ്ടേയിരിക്കുന്ന ഒരു കവിയിത്രി വംശഹത്യയുടെ ചോരമണക്കുന്ന രാഷ്‌ട്രീയ പ്രഭുവിന്റെ മുന്നില്‍ തലകുനിച്ചിരിക്കുന്ന ചിത്രം ഏതു പ്രകൃതി സ്‌നേഹിയേയും വേദനിപ്പിച്ചേക്കും.കടലാഴിയോളം പ്രണയത്തെക്കുറിച്ച്‌ പാടുകയും ഒടുവില്‍ യഥാര്‍ഥ പ്രാണേശ്വരനില്‍ വിലയം പ്രാപിക്കുകയും ചെയ്‌ത മാധവിക്കുട്ടിയെന്ന കമലാ സുറയ്യയേയും പ്രകൃതിയും പ്രണയവും കാരുണ്യവും ഒരുപോലെ പ്രകാശിപ്പിച്ച്‌ കൊണ്ടേയിരിക്കുന്ന സുഗതകുമാരിയേയും വായിച്ചെടുക്കുമ്പോള്‍   കണ്ടെത്തുന്ന അജഗജാന്തരം കൌതുകം ജനിപ്പിക്കും.ജീവിതം തന്നെ കവിതയാക്കി ആസ്വദിച്ച സുറയ്യയും ജിവിതത്തില്‍ നിന്ന്‌ കവിത രചിച്ച്‌ ആലപിച്ച സുഗതയും വിലയിരുത്തപ്പെടുകയാണ്‌ മേരി ലില്ലിയുടെ ടൈം ലൈന്‍ പോസ്റ്റ്.​​

കവിതകളെ ഇഷ്ടപ്പെട്ടു തുടങ്ങിയ കാലത്ത് മലയാളത്തിൽ തിളങ്ങി നിന്ന രണ്ടു കവിയത്രികൾ മുമ്പിലുണ്ടായിരുന്നു. ഒന്ന് സുഗതകുമാരി ടീച്ചറും മറ്റൊന്ന് മാധവിക്കുട്ടിയും. സുഗതകുമാരി ടീച്ചറുടെ കവിതകളിൽ പ്രകൃതിയും പ്രണയവും കാരുണ്യവും ഒരേ പോലെ തുടിച്ചു നിന്നു.കഥകളെയും നോവലുകളെയും അപേക്ഷിച്ച് മാധവിക്കുട്ടിയുടെ കവിതകളെ സമീപിച്ചാൽ പ്രണയത്തിന്റെ ഏഴു കടലാഴങ്ങൾ മാത്രം കണ്ടു. പ്രണയിക്കുക പ്രണയിക്കുക പിന്നെയും പ്രണയിക്കുക. വെറുപ്പ്, നിരാശ, മോഹഭംഗം എന്നിവയ്ക്ക് മാധവിക്കുട്ടിയുടെ കവിതകളിൽ സ്ഥാനമുണ്ടായിരുന്നില്ല. സ്നേഹിക്കാനും പ്രണയിക്കാനും മാത്രം പഠിപ്പിച്ചവയാണ് മാധവിക്കുട്ടിയുടെ വരികൾ.എഴുത്തുകളിലെ പോലെ അവർ സ്വന്തം ഇഷ്ടപ്രകാരം മാത്രം ജീവിച്ചു. ആർഭാടത്തോടെ ഉടുത്തൊരുങ്ങി, മുഖത്തു ചമയങ്ങൾ അണിഞ്ഞു. ദേഹത്ത് നിറയെ ആഭരണങ്ങൾ ധരിച്ചു. ഒരു എഴുത്തുകാരിയുടെ സത്യസന്ധത കൂടിയായിരുന്നത്. ചുറ്റുപാടും നിന്നും വന്ന കല്ലേറുകളെ പൂമാലകളാക്കി ജീവിച്ച എഴുത്തുകാരി.അവർ ഒരു സിംഹവാലൻ കുരുങ്ങുകളെയും ഓർത്തു കരഞ്ഞില്ല. കവിതകൾ എഴുതിയില്ല. പക്ഷേ പ്രകടനപരതയ്ക്കപ്പുറത്ത് മനുഷ്യന്റെ മനസ്സിലെ വേദനകളെ അറിഞ്ഞ എഴുത്തുകാരിയായിരുന്നവർ. സുഗത കുമാരി ടീച്ചറുടെ എഴുത്തും അവരുടെ സാമൂഹികമായ നിലപാടുകളും രണ്ടും രണ്ടാണെന്ന് തിരിച്ചറിയാൻ കാലങ്ങൾ പിന്നെയും കുറെ കഴിയേണ്ടി വന്നു.
സുഗത ടീച്ചറുടെ ഈ ഇരുപ്പു കാണുമ്പോൾ മാധവിക്കുട്ടിയെ ഓർക്കാതിരിക്കാൻ കഴിയില്ല. ഇതുപോലെ ഒരു രാഷ്ട്രീയ നേതാവിന്റെ മുമ്പിൽ തലയും കുനിച്ചിരിക്കുന്ന ചിത്രം അവർ ജീവിച്ചിരുന്ന കാലത്തോളം എവിടെയും കണ്ടിട്ടില്ല.അതെ, സമയമാകുമ്പോൾ ചില പാമ്പുകൾ പഴയ ഉറകൾ ഊരി കളയുക തന്നെ ചെയ്യും
...........................
മനുഷ്യന്റെ വികാര വിചാരങ്ങള്‍ കണക്കാക്കാന്‍ കഴിയാത്തത്ര അനന്ത വിസ്‌തൃതിയുള്ളതും ആഴിയേക്കാള്‍ ആഴമുള്ളതുമത്രെ.ഒരു വാക്ക്‌ മതി അവനെ വേദനിപ്പിക്കാന്‍ ഒരു നോക്ക്‌ മതി അവനെ ആശ്വസിപ്പിക്കാന്‍ .ഒരു ചോദ്യം മതി അവനെ അസംതൃപ്‌തനാക്കാന്‍ ഒരു രാഗം മതി അവനെ സംപ്രീതനാക്കാന്‍.മനുഷ്യനെ അസ്വസ്ഥനാക്കാനും ആശ്വസിപ്പിക്കാനും ഉള്ള ഘടകങ്ങള്‍ പാദാര്‍ഥികലോകത്തിന്റെ വിചാരങ്ങള്‍ക്കും വിഭാവനകള്‍ക്കും എത്രയോ അകലെയാണ്‌.
നഷ്‌ടബോധം മനുഷ്യനെ വല്ലാതെ അസ്വസ്ഥനാക്കുമെന്നാണ്‌ മനശ്ശാസ്‌ത്ര മതം .നഷ്‌ടപ്പെട്ട ഒട്ടകം തിരികെ ലഭിക്കുന്നതിന്റെ സന്തോഷം ആ ഒട്ടകം കൈവശം വെക്കുന്നതിനേക്കാള്‍ സംതൃപ്‌തി നല്‍കുന്നതിനാലാണത്രെ നഷ്‌ടപ്പെട്ട ഒട്ടകത്തെ കണ്ട്‌ കിട്ടുന്നവര്‍ക്ക്‌ ഒട്ടകം ഇനാം പ്രഖ്യാപിക്കാന്‍ സൂഫിയെ പ്രേരിപ്പിച്ചത്‌.പശ്ചാത്തപിച്ച്‌ ദൈവസന്നിധിയിലേക്ക്‌ തിരിച്ചുചെന്നാല്‍ ദൈവത്തിനുണ്ടാകുന്ന സന്തോഷം, നഷ്‌ടപ്പെട്ട ഒട്ടകത്തെ തിരിച്ചുകിട്ടിയ യാത്രക്കാരനുണ്ടായതിനേക്കാള്‍ കൂടുതലായിരിക്കുമെന്ന പ്രവാചക പാഠം ഓര്‍മ്മയിലെത്തുന്ന ഒരു സൂഫിക്കഥ സീമ പാലക്കാട്ടുകാരി പകര്‍ത്തിത്തരുന്നു .

ഒരു ദിവസം രാവിലെ എഴുന്നേറ്റു നോക്കുമ്പോള്‍ നമ്മുടെ സൂഫിയുടെ ഒട്ടകത്തെ കാണുന്നില്ല. ഒരുപാട് തിരഞ്ഞിട്ടും കാണാത്തതിനാല്‍ സൂഫി ഒരു പ്രഖ്യാപനം നടത്തി:
'എന്‍റെ കാണാതായ ഒട്ടകത്തെ കണ്ടുപിടിച്ചു നല്‍കുന്നവര്‍ക്ക് ആ ഒട്ടകം സമ്മാനമായി നല്‍കുന്നതാണ്'വിചിത്രമായ ഈ ഓഫെര്‍ കേട്ട് ജനം അന്ധാളിച്ചു. 'താങ്കള്‍ ഒരു വിഡ്ഢിയാണോ?' എന്ന് ചോദിച്ച ആളുകളോട് സൂഫി ശാന്തമായി പറഞ്ഞു:'നഷ്ടപ്പെട്ട എന്‍റെ ഒട്ടകത്തെ തിരികെ ലഭിക്കുന്നതിന്റെ സന്തോഷം ആ ഒട്ടകത്തെ കൈവശം വെക്കുന്നതിനേക്കാള്‍ എനിക്ക് പ്രിയങ്കരമാണ്'.
.............................
വിദ്യയും അഭ്യാസവും ചേരുമ്പോള്‍ വിദ്യാഭ്യാസം സാധ്യമായേക്കാം .പഴയകാലങ്ങളില്‍ വിദ്യാലയങ്ങളിലൂടെ വിദ്യയും  ജീവിതാനുഭവങ്ങളിലൂടെ അഭ്യാസവും ഒരു പരിതിവരെ നേടാന്‍ കഴിഞ്ഞിരിക്കണം .വ്യത്യസ്‌ത സാമൂഹിക പശ്ചാത്തലത്തിലുള്ളവരും ദര്‍ശനങ്ങളും വീക്ഷണങ്ങളും  സംസ്‌കാരങ്ങളും പുലര്‍ത്തുന്ന കുടുംബങ്ങളില്‍ നിന്നുള്ളവരും ഒരേ വിദ്യാലയത്തില്‍ പഠിച്ചുവളര്‍ന്നകാലം ഇനിയൊരിക്കലും തിരിച്ചുവരാത്തവിധം മണ്ണിട്ടുപോയി.വര്‍ത്തമാനകാല വിദ്യാലയങ്ങളുടെ പേരുകള്‍ തന്നെ ഉയര്‍ത്തിക്കാണിക്കുന്നുണ്ട്‌ വിദ്യാര്‍ഥികളുടെ തിരിച്ചറിയല്‍ ചിഹ്നങ്ങള്‍  .വിദ്യാലയങ്ങളുടെ വിധിവൈപരീതത്തെക്കുറിച്ച്‌ സോമന്‍ കുടലൂരിന്റെ ആശങ്കകള്‍  പികെ ഉസ്‌മാന്‍ പങ്കുവയ്‌ക്കുന്നു .

നിന്റെ മകന്‍ സെന്റ്‌ തോമാ ഇംഗ്ളീഷ്‌ മീഡിയത്തില്‍ .എന്റെ മകള്‍ വിവേകാനന്ദാ വിദ്യാഭവനില്‍ അവന്റെ മകനും മകളും ഇസ്‌ലാമിക് പബ്ളിക് സ്‌കൂളില്‍ .ഒരേ ബന്ചിലിരുന്ന്‌ ഒരു പാഠ പുസ്‌തകം പങ്കിട്ട്‌ ഒരേ വിശപ്പ്‌ വായിച്ച്‌ നമ്മള്‍ പഠിക്കാതെ പഠിച്ച ആ പഴയ 'ഉസ്‌കൂള്‍' ഇപ്പോഴുമുണ്ട്‌ .പണ്ടത്തെ നമ്മുടെ അഛനമ്മമാരെപ്പോലെ പരമ ദരിദ്രരായ ചിലരുടെ മക്കള്‍ അവിടെ പഠിക്കുന്നുണ്ട്‌.കുരിശും വാളും ശൂലവുമായി നമ്മുടെ മക്കള്‍ ഒരിക്കല്‍ കലി തുള്ളുമ്പോള്‍ നടുക്ക്‌ വീണു തടുക്കുവാന്‍ അവരെങ്കിലും മിടുക്കരാകട്ടെ.
..............................
കേരളത്തിലെ പുതിയ ഗവര്‍ണര്‍ പദവിയെക്കുറിച്ച്‌ വ്യാപകമായ പ്രതിഷേധം ഉയരുന്നുണ്ട്‌.ജനാധിപത്യ ഭാരതത്തിലെ ഭരണ സംവിധാനങ്ങള്‍ വളരെ സസൂക്ഷ്‌മം രേഖപ്പെടുത്തപ്പെട്ടിട്ടുണ്ട്‌.നേര്‍ക്ക്‌ നേരെ നിര്‍ദേശിക്കപ്പെടാത്തവ ഭരണ ഘടനയുടെ അന്തസ്സത്തയ്‌ക്ക്‌ മങ്ങലേല്‍ക്കാത്ത വിധം കൈകാര്യം ചെയ്യുന്ന രീതി രാഷ്‌ട്രീയ പ്രബുദ്ധതനേടിയവര്‍ സ്വീകരിച്ചു പോരുന്ന പാരമ്പര്യവും നമുക്കുണ്ട്‌.മൂലക്കിരുത്തേണ്ടവരെ ആദരവിന്റെ പേരില്‍ ഇരുത്താനും കാര്യലാഭത്തിനും ഈ പദവി ദുരുപയോഗപ്പെടുത്തുന്നതായി ആരോപിക്കപ്പെടാറുണ്ട്‌.ഏതായാലും രാജ്യത്ത്‌ ആദ്യമായിട്ടാണത്രെ ജുഡീഷ്യറിയില്‍ നിന്നുള്ള ഒരാള്‍ക്ക്‌ ഇത്തരം പദവി നല്‍കുന്നത്‌.ഇവ്വിഷയം പരാമര്‍ശിക്കുകയാണ്‌ സജീദ്‌ ഖാലിദ്‌ .

രാഷ്ട്രീയ എടുക്കാച്ചരക്കുകളെ അക്കോമഡേറ്റ് ചെയ്യാനാണ് മിക്കവാറും ഗവര്‍ണര്‍ പോസ്റ്റുകള്‍ കേന്ദ്രഭരണകക്ഷികള്‍ ഉപയോഗിച്ചിരുന്നത്... ഉദ്ദിഷ്ടകാര്യത്തിന് ഉപകാരസ്മരണയായും നല്‍കാവുന്നതാണെന്നു ഇപ്പോ മോഡിസര്‍ക്കാര്‍ തെളിയിച്ചിരിക്കുന്നു....
ഇസ്‌ലാം ഓണ്‍ ലൈവിന്‌വേണ്ടി

0 comments:

Post a Comment

Note: Only a member of this blog may post a comment.